

കൊൽക്കത്ത: ചരിത്ര നേട്ടം സ്വന്തമാക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്സി. ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടാണ് ഗോകുലം എഫ്സി പുതിയ ചരിത്രമെഴുതിയത്. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഐ ലീഗ് കിരീടം ചൂടുന്നത്. നേരത്തേ ഡ്യൂറന്റ് കപ്പിൽ ഗോകുലം കിരീടം നേടിയിരുന്നു.
ട്രാവു എഫ്സിയെ അവിശ്വസനീയമായ പോരാട്ടത്തിൽ കീഴടക്കിയാണ് ഗോകുലത്തിന്റെ പ്രയാണം. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ടീമിന്റെ ചരിത്ര വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തുടർച്ചയായി നാല് ഗോളുകളടിച്ച് കരുത്തു കാണിച്ചാണ് ഗോകുലം ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഈ നേട്ടത്തോടെ എഎഫ്സി കപ്പിന് ടീം യോഗ്യത നേടി.
കളിയുടെ 24ാം മിനിറ്റിൽ ബിദ്യാസാഗർ സിങാണ് ട്രാവുവിനെ മുന്നിലെത്തിച്ചത്. പിന്നീട് രണ്ടാം പകുതി തുടങ്ങി 70ാം മിനിറ്റിൽ ഷരീഫ് മുഹമ്മദിലൂടെ ഗോകുലം സമനില പിടിച്ചു. പിന്നീട് അവിശ്വസനീയ ഗോളടിയാണ് ഗോകുലം നടത്തിയത്. 74ാം മിനിറ്റിൽ എമിൽ ബെന്നി, 77ാം മിനിറ്റിൽ ഡെന്നി അൻഡ്‌വി, ഇഞ്ച്വറി ടൈമിൽ മുഹമ്മദ് റഷീദ് എന്നിവരാണ് ഗോകുലത്തിനായി വല ചലിപ്പിച്ചത്.
70ാം മിനിറ്റിൽ ഗോകുലത്തിന് ബോക്‌സിന് തൊട്ടുവെളിയിൽ വെച്ച് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഗോകുലത്തിന്റെ അഫ്ഗാൻ താരം ഷരീഫ് പന്ത് അനായാസം വലയിലെത്തിച്ച് ടീമിന് സമനില സമ്മാനിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 74ാം മിനിട്ടിൽ എമിൽ ബെന്നിയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി. ബോക്‌സിനകത്തേക്ക് പന്തുമായി കുതിച്ച എമിൽ ബെന്നി ഗോൾകീപ്പർ അമൃതിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ഗോകുലത്തിനായി രണ്ടാം ഗോൾ നേടി.
രണ്ടാം ഗോൾ നേടിയിട്ടും ഗോകുലം ആക്രമണം നിർത്തിയില്ല. പിന്നാലെ 77ാം മിനിറ്റിൽ ടീം ലീഡ് മൂന്നാക്കി ഉയർത്തി. ഇത്തവണ സൂപ്പർ താരം ഡെന്നീസാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. ബോക്‌സിനകത്തു വെച്ച് പന്ത് സ്വീകരിച്ച ഡെന്നീസ് ഗോൾകീപ്പർ അമൃതിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറി. ഇതോടെ സ്‌കോർ 3-1 എന്ന നിലയിലായി. അവിശ്വസനീയ പ്രകടനമാണ് ഗോകുലം രണ്ടാം പകുതിയിൽ കാഴ്ചവെച്ചത്.
പിന്നീട് പൂർണമായും പ്രതിരോധത്തിലേക്ക് ശ്രദ്ധിച്ച ഗോകുലം മത്സരമവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കേ മുഹമ്മദ് റാഷിദിലൂടെ നാലാം ഗോൾ നേടി വിജയമുറപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates