ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് പ്രവചിച്ച് മുൻ പേസർ ആശിഷ് നെഹ്റ. രണ്ട് സ്പിന്നർമാരും മൂന്ന് പേസർമാരുമായി ഇന്ത്യ ഇറങ്ങണം എന്നാണ് നെഹ്റ പറയുന്നത്.
ഇന്ത്യക്കും കീവിസിനും മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്. എന്നാൽ ബൂമ്രയേയും ഷമിയേയും നോക്കു. ഫ്ളാറ്റ് ആയ വിക്കറ്റിൽ പോലും മികച്ച രീതിയിൽ പന്തെറിയാൻ അവർക്ക് കഴിയും. ബൂമ്രയും ഷമിയും മാത്രമല്ല ഇഷാന്തും അവിടെയുണ്ട്. ഇഷാന്തിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ശക്തി നൽകും. പച്ചപ്പ് നിറഞ്ഞ പിച്ചാണ് എങ്കിൽ ഒരു പേസറെ കൂടി ടീമിൽ ഉൾപ്പെടുത്താം. ഇത് മുഹമ്മദ് സിറാജ് ആവും എന്നാണ് എന്റെ കണക്കു കൂട്ടൽ, നെഹ്റ പറഞ്ഞു.
അങ്ങനെയല്ലെങ്കിൽ ബൂമ്ര, ഷമി, ഇഷാന്ത്, അശ്വിൻ, ജഡേജ എന്നതാവും ഇന്ത്യയുടെ ബൗളിങ് ലൈനപ്പ്. അശ്വിനും ജഡേജയും വരുമ്പോൾ ബാറ്റിങ്ങിലും അത് കൂടുതൽ കരുത്ത് നൽകും. ലോവർ ഓർഡർ സ്കോർ ചെയ്യുന്ന റൺസ് വിലമതിക്കാനാവാത്തതാണ്. ജഡേജയും അശ്വിനും പ്ലേയിങ് ഇലവനിൽ ഉണ്ടെങ്കിൽ എല്ലാ മേഖലകളും ഇന്ത്യ ബൗളിങ്ങിൽ കവർ ചെയ്തു എന്ന് പറയാമെന്നും നെഹ്റ അഭിപ്രായപ്പെട്ടു.
ഫൈനലിന് ഇനിയും ഒരുമാസം ഉണ്ട്. പരിശീലന സെഷനുകളിലെ പ്രകടനവും ഫിറ്റ്നസും എല്ലാം പ്ലേയിങ് ഇലവനെ നിർണയിക്കുന്നതിനെ സ്വാധീനിക്കാം. എന്നാൽ അശ്വിൻ, ജഡേജ എന്നിവരെ ഒരുമിച്ച് ഇറക്കുന്നത് ന്യൂസിലാൻഡിന് മേൽ ഇന്ത്യക്ക് മുൻതൂക്കം നൽകുമെന്ന് നെഹ്റ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates