ജയിച്ച ടീമിന്റെ ആഘോഷം തോറ്റ ടീമിന് 'പിടിച്ചില്ല'; ഫുട്ബോൾ മത്സരത്തിനിടെ അടി, കുത്ത്, ചവിട്ട്; റഫറിയെ ഡ്രസിങ് റൂമിൽ കയറിയും തല്ലി!
കറാച്ചി: പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ പൊരിഞ്ഞ അടി. സംഭവം നാണക്കേടായതോടെ അന്വേഷണം പ്രഖ്യാപിച്ച് പാക് ഫുട്ബോൾ ഫെഡറേഷനും ഒളിംപിക് അസോസിയേഷനും. നാഷണൽ ഗെയിംസ് ഫുട്ബോൾ പോരാട്ടത്തിന്റെ സെമി ഫൈനൽ മത്സരത്തിനിടെയാണ് കൂട്ടത്തല്ലും അടിപിടിയും അരങ്ങേറിയത്. പാകിസ്ഥാൻ ആർമി ടീം ഡബ്ല്യുഎപിഡിഎ ടീമും തമ്മിലുള്ള മത്സരമാണ് അലങ്കോലമായത്. സംഭവത്തിൽ നിരവധി കളിക്കാർക്കും ഒഫീഷ്യൽസിനും പരിക്കേറ്റിട്ടുണ്ട്.
ആർമി ടീം 4-3നു മത്സരം വിജയിച്ചിരുന്നു. പിന്നാലെ ടീം അംഗങ്ങൾ ഡഗൗട്ടിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഡബ്ല്യുഎപിഡിഎ ടീമിലെ ചിലർ പ്രകോപിതരായതാണ് അടിപിടിയിൽ കലാശിച്ചത്. ഇരു ടീമുകളിലേയും കളിക്കാൻ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. താരങ്ങൾ തമ്മിൽ പൊരിഞ്ഞ അടിയും ചവിട്ടും അരങ്ങേറി. അതിനിടെ ചില ഉദ്യോഗസ്ഥരും ഇടയിൽ കയറി കൈയാങ്കളിയുടെ ഭാഗമായി.
ലൈവായി സംപ്രേഷണം ചെയ്ത മത്സരത്തിനു ശേഷമുള്ള തമ്മിൽത്തല്ലും ലൈവായി ആളുകൾ കണ്ടു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം പാക് കായിക മേഖലയ്ക്ക് ഒന്നാകെ നാണക്കേടായി മാറുകയും ചെയ്തു.
അടി നടക്കുന്നതിനിടെ ഡബ്ല്യുഎപിഡിഎ ടീമിലെ ചില കളിക്കാർ മാച്ച് റഫറിയെ ഡ്രസിങ് റൂമിലേക്ക് ഓടിച്ചുകയറ്റി മർദ്ദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ആർമി ടീമിനായി റഫറി പെനാൽറ്റി അനുവദിച്ചതിൽ ഗ്രൗണ്ടിൽ വാക്കുതർക്കം അരങ്ങേറിയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതായും അന്വേഷണം നടത്തുമെന്നും പാക് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ദേശീയ ഗെയിംസ് ഒളിംപിക് അസോസിയേഷനു കീഴിൽ നടക്കുന്നതിനാൽ അസോസിയേഷനും അന്വേഷണം നടത്തും. സംഭവത്തിൽ ഉൾപ്പെട്ട കളിക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
Violent clash: A tense National Games football semi-final in Karachi turned ugly as tempers boiled over.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

