

നാഗ്പുര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ അപൂര്‍വ റെക്കോര്‍ഡിന്റെ വക്കില്‍ വെറ്റര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഏകദിനത്തില്‍ അതിവേഗം 14,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്താനുള്ള അവസരമാണ് കോഹ്‌ലിക്ക് മുന്നില്‍.
റെക്കോര്‍ഡ് നേട്ടത്തിലേക്ക് താരത്തിനു 94 റണ്‍സ് മാത്രമേ ആവശ്യമുള്ളു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ താരം നേട്ടം സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കാം.
2006ല്‍ തന്റെ 350ാം ഏകദിന പോരാട്ടത്തിലാണ് സച്ചിന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ പെഷാവറില്‍ സെഞ്ച്വറിയടിച്ചാണ് സച്ചിന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.
നിലവില്‍ 13906 റണ്‍സാണ് കോഹ്‌ലിയുടെ ഏകദിന റണ്‍സ് സമ്പാദ്യം. 283 ഏകദിനങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ്. 58.18 ആണ് ആവറേജ്. 93.54 സ്‌ട്രൈക്ക് റേറ്റ്. 50 ശതകങ്ങളും 72 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ കോഹ്‌ലിക്കുണ്ട്.
നിലവില്‍ ഫോം കിട്ടാതെ ഉഴലുകയാണ് കോഹ്‌ലി. താരം വന്‍ തിരിച്ചു വരവാണ് മുന്നില്‍ കാണുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സമീപ ദിവസങ്ങളില്‍ കോഹ്‌ലി രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഫോം ഔട്ട് ആവര്‍ത്തിച്ചു.
ഈ മാസം ആറിന് വ്യാഴാഴ്ചയാണ് ഒന്നാം ഏകദിനം. രണ്ടാം പോരാട്ടം 9നും മൂന്നാം മത്സരം 12നും അരങ്ങേറും. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1നു നേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ടീമില്‍ നിന്നു അടിമുടി മാറിയാണ് ഏകദിനം ടീം. കോഹ്‌ലിക്കൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരമ്പരയില്‍ കളിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates