ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

'നാലാം നമ്പറില്‍ കോഹ്‌ലിയെ ഇറക്കി നോക്കു'

ഇന്ത്യന്‍ ബാറ്റിങിലെ ഈ സ്ഥാനത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ ഡിവില്ല്യേഴ്‌സും എത്തുന്നു
Published on

ജൊഹന്നാസ്ബര്‍ഗ്: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനത്ത് ആരെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ ഉത്തരം വിരാട് കോഹ്‌ലിയാണെന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ്. യുവരാജ് സിങ് വിരമിച്ച ശേഷം ഏകദിന ക്രിക്കറ്റില്‍ നാലാം സ്ഥാനത്തു സ്ഥിരതയുള്ള ഒരു താരത്തെ ഇന്ത്യ തിരയുകയാണ്. 

ഇന്ത്യന്‍ ബാറ്റിങിലെ ഈ സ്ഥാനത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ ഡിവില്ല്യേഴ്‌സും എത്തുന്നു. ഐപിഎല്ലില്‍ കോഹ്‌ലിയുടെ സഹ താരമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ദീര്‍ഘ നാള്‍ കളിച്ച താരം കൂടിയാണ് ഡിവില്ല്യേഴ്‌സ്. 

'ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റര്‍ ആരായിരിക്കുമെന്നാണ് ഇപ്പോള്‍ നാമെല്ലാം ചര്‍ച്ച ചെയ്യുന്നത്. ആ സ്ഥാനത്തേക്ക് വിരാട് വരുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും. കാരണം നിലവില്‍ ആസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ വിരാടാണ്.' 

'അദ്ദേഹം ആ സ്ഥാനത്തു കളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമാകാന്‍ അദ്ദേഹത്തിനു ആ സ്ഥാനത്തിറങ്ങിയാലും സാധിക്കും. മാത്രമല്ല മധ്യനിരയില്‍ എവിടെ വേണമെങ്കിലും കളിക്കാന്‍ കെല്‍പ്പുള്ള താരവുമാണ് അദ്ദേഹം.' 

'വണ്‍ഡൗണായി കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് വിരാട് എന്നു നമുക്കെല്ലാം അറിയാം. ആ സ്ഥാനത്ത് ധാരാളം റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടീമിന് ഒരാവശ്യം വന്നാല്‍ അദ്ദേഹം കൈയുയര്‍ത്തി അതു ഏറ്റെടുക്കാറുമുണ്ട്'- ഡിവില്ല്യേഴ്‌സ് നിരീക്ഷിച്ചു. 

വണ്‍ ഡൗണ്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന കോഹ്ലി പക്ഷേ നാലാം സ്ഥാനത്തും നിരവധി വട്ടം ഇറങ്ങിയിട്ടുണ്ട്. ആ സ്ഥാനത്തും മുന്‍ നായകന്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. 39 ഇന്നിങ്‌സുകളില്‍ നിന്നു 55 റണ്‍സ് ശരാശരിയില്‍ 1,767 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. 50.21ആണ് ആവറേജ്. 90.66 സ്‌ട്രൈക്ക് റേറ്റ്. 

എന്നാല്‍ 2020നു ശേഷം കോഹ്ലി നാലാം സ്ഥാനത്തു കളിച്ചിട്ടില്ല. 2020ല്‍ ജനുവരിയില്‍ മുംബൈയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി താരം നാലാമതായി ബാറ്റിങിനെത്തിയത്. പരിക്കു മാറി ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഏഷ്യാ കപ്പ് പോരിനുള്ള ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളായിരിക്കും നാലാം സ്ഥാനത്ത് ഇറങ്ങുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com