

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനത്തില്‍ തുടരാനുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ ഏറ്റവും മികച്ച റെഡ്-ബോള്‍ താരം പിഴവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് പകരം ഇതില്‍ നിന്ന്് മാറാന്‍ തീരുമാനിച്ചത് തന്നെ അസ്വസ്ഥനാക്കിയെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. വിരാട് കോഹ് ലിയെ പോലെ കളിക്കുന്ന ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തങ്ങളുടെ ടീമുകള്‍ക്ക് വേണ്ടി റണ്‍സുകള്‍ വാരിക്കൂട്ടുമ്പോഴാണ് കോഹ് ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന മോശം ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് 37 കാരനായ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 10 ഇന്നിങ്‌സുകളില്‍ നിന്ന് 194 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ആ പരമ്പരയില്‍ നിന്ന് നേടാന്‍ ആയത്. അതില്‍ 100 റണ്‍സ് പെര്‍ത്ത് ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ നിന്നാണ്.
ഫാബ് ഫോറില്‍ ഒരാളായിരുന്ന കോഹ് ലി 123 മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 9230 റണ്‍സ് നേടിയിരുന്ന സമയത്താണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ പോലും കോഹ്ലി നിന്നില്ല. ഇത് വേദനാജനകമായ ഒരു കാര്യമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. എന്നിരുന്നാലും ഇപ്പോഴും ഏകദിനങ്ങളില്‍ കോഹ് ലി റണ്‍സ് വാരിക്കൂട്ടുന്നത് തുടരുകയാണ്.
'ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് പുതിയ ഉയരങ്ങള്‍ കൈവരിക്കുമ്പോള്‍, എന്റെ മനസ്സ് വിരാട് കോഹ്ലിയിലേക്ക് പോകുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വിരമിക്കുന്നതിന് മുന്‍പുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹം റണ്‍സിനായി ബുദ്ധിമുട്ടി. ടെസ്റ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹത്തിന് വെറും 31 ശരാശരി മാത്രമാണ് നിലനിര്‍ത്താനായത്. പിഴവുകള്‍ കണ്ടെത്താന്‍ അദ്ദേഹം തന്റെ ഹൃദയത്തെയും ആത്മാവിനെയും പൂര്‍ണ്ണമായും ഉപയോഗിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെപ്പോലുള്ളവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ശരിക്കും ഒരു പേര് ഉണ്ടാക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്,'-മഞ്ജരേക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates