സെഞ്ചൂറിയൻ: ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലി വ്യക്തിഗത സ്കോർ മൂന്നക്കം കടത്തുന്നതിൽ ഒരിക്കൽ കൂടി പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യദിനം മികച്ച രീതിയിൽ തന്നെയാണ് കോഹ്‌ലി തുടങ്ങിയത്. എന്നാൽ വലിയ സ്കോറിലേക്ക് എത്തിക്കാൻ നായകന് ഇത്തവണയും പക്ഷേ സാധിച്ചില്ല. കോഹ്‌ലി 35 റൺസുമായി മടങ്ങി.
ഇപ്പോഴിതാ കോഹ്‌ലിയുടെ പുറത്താകൽ സൂക്ഷ്മമായി വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ.
ഈ വർഷം ടെസ്റ്റിൽ നാല് അർധ സെഞ്ച്വറികൾ നേടിയ കോഹ്‌ലി ശതകത്തിലേക്ക് അവ മാറ്റണമെന്ന് പറയുന്നു നെഹ്‌റ. സെഞ്ചൂറിയനിൽ ലുങ്കി എൻഗിഡിയുടെ ഓഫ് സ്റ്റംപിന് പുറത്തു വന്ന പന്തിൽ കോലി എഡ്‌ജായി പുറത്താവുകയായിരുന്നു.
'വിരാട് കോഹ്‌ലിയെ പോലൊരു താരത്തിൽ നിന്ന് റൺസ് പ്രതീക്ഷിക്കും. തന്റെ പ്രകടത്തിൽ കോഹ്‌ലി നിരാശനായിരിക്കും. എന്നാൽ കണക്കുകൾ നോക്കിയാൽ ഇംഗ്ലണ്ടിൽ നടന്ന അവസാന പര്യടനത്തിൽ കോലി റൺസ് കണ്ടെത്തിയിട്ടുണ്ട്. സെഞ്ച്വറികളും ഇരട്ട സെഞ്ച്വറികളും നേടാനുള്ള ദാഹം കോഹ്‌ലിക്കുണ്ട്. അതിനാൽ തന്റെ പ്രകടനത്തിൽ അദ്ദേഹത്തിന് നിരാശയുമുണ്ടാകും.'
'135-150 കിലോമീറ്റർ വേഗത്തിൽ വരുന്ന പന്തുകൾ കോഹ്‌ലി ഫ്രണ്ട് ഫൂട്ടിൽ കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ പന്ത് സ്വിങ് ചെയ്യുമ്പോഴും ബൗൺസ് കണ്ടെത്തുമ്പോഴും ഏതൊരു ബാറ്റ്സ്‌മാനും വെല്ലുവിളിയാവും. മുമ്പ് കണ്ട കോഹ്‌ലിയെ രണ്ടു മൂന്ന് വർഷമായി കാണാനാവുന്നില്ല. എന്നാൽ ഫോം കണ്ടെത്തിയാൽ കോഹ്‌ലിയെ തടയാനാവില്ല. നാം കാത്തിരിക്കുന്ന ഇന്നിങ്സ് കളിക്കാൻ കോഹ്‌ലിയെ പരിചയസമ്പത്തും മനോഭാവവും സഹായിക്കും. അഡ്‌ലെയ്‌ഡിൽ നേടിയ 74 റൺസ് പോലുള്ള ഇന്നിങ്സുകൾ വിദൂരമല്ല.'
'കോഹ്‌ലി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പുറത്തായ രീതിയ നോക്കിയാൽ മനസിലാകും. ലൂസ് ഷോട്ട് കളിക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ കോഹ്‌ലിയെ പ്രേരിപ്പിക്കുകയായിരുന്നു. സ്വിങ് പന്തുകളിൽ കോഹ്‌ലി കളിക്കുന്നത് എങ്ങനെയെന്ന് ഇന്നത്തെ പുറത്താകൽ കണ്ടാൽ മനസിലാകും. ഇത്തരം പന്തുകൾ ലീവ് ചെയ്യുന്നതാണ് ഉചിതം. കെഎൽ രാഹുലിൽ നിന്ന് അത് കാണാനായി'- നെഹ്റ നിരീക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates