

കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിൽ പാകിസ്ഥാൻ. രണ്ട് റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പ്രതിസന്ധിയിലായ അവർ പിന്നീട് പിടിച്ചു കയറുകയായിരുന്നു. ഒടുവിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ഒന്നാം ഇന്നിങ്സ് ബാറ്റിങിനിറങ്ങിയ വിൻഡീസും തകർച്ചയെ നേരിടുകയാണ്. കളി നിർത്തുമ്പോൾ വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ്. ഷഹീൻ അഫ്രീദി രണ്ടും ഫഹീം അഷ്റഫ് ഒരു വിക്കറ്റും നേടിയപ്പോൾ എൻക്രുമ ബോണ്ണർ 18 റൺസുമായി ആതിഥേയർക്കായി ക്രീസിലുണ്ട്. ഏഴ് വിക്കറ്റുകൾ കൈയിലിരിക്കെ പാകിസ്ഥാൻ സ്കോറിനൊപ്പമെത്താൻ വെസ്റ്റിൻഡീസിന് ഇനി 263 റൺസ് കൂടി വേണം.
ജമൈക്കയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസവും മഴ മത്സരത്തിന്റെ ഏറെ ഭാഗം കവർന്നുവെങ്കിലും 212/4 എന്ന നിലയിൽ നിന്ന് ബാറ്റിങ് പുനരാരംഭിച്ച പാകിസ്ഥാൻ 90 റൺസ് കൂടി ചേർത്ത ശേഷം ഡിക്ലറേഷൻ പ്രഖ്യാപിക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ 231 റൺസ് ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും അവസാന മൂന്ന് വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത് ടീം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. റിട്ടയേർഡ് ഹർട്ട് ആയ ഫവദ് അലം തിരിച്ചു വന്ന് 124 റൺസുമായി പുറത്താകാതെ നിന്നു.
മുഹമ്മദ് റിസ്വാൻ 31 റൺസും ഫഹീം അഷ്റഫ് 26 റൺസും നേടിയപ്പോൾ ഷഹീൻ അഫ്രീദി 19 റൺസ് നേടി. വിൻഡീസിന് വേണ്ടി സീൽസും റോച്ചും മൂന്ന് വീതം വിക്കറ്റ് നേടി. ജേസൺ ഹോൾഡർ രണ്ട് വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates