സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ കൂറ്റൻ സ്കോർ വഴങ്ങി തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ഗംഭീർ കോഹ്‌ലിയെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ന്യൂ ബോളിൽ ജസ്പ്രിത് ബുമ്രയ്ക്ക് രണ്ട് ഓവർ മാത്രം പന്തെറിയാൻ നൽകിയ കോഹ്‌ലിയുടെ തീരുമാനത്തെ ഗംഭീർ വിമർശിച്ചു. ബുമ്രയെ കൈകാര്യം ചെയ്യുന്നതിൽ കോഹ്‌ലിക്ക് പിഴവു പറ്റി. ബൗളർമാരെ വേണ്ടവിധം ഉപയോഗിക്കുന്നതിൽ കോഹ്‌ലി പൂർണ പരാജയമായി. ഇത് ടി20 മത്സരമല്ലെന്ന് ഗംഭീർ കോഹ്‌ലിയെ ഓർമപ്പെടുത്തി. രണ്ട് ഏകദിനങ്ങളിലും കൂറ്റൻ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് സ്ഥിരം വിമർശനം നടത്തുന്ന ഗംഭീർ നിലപാട് കടുപ്പിച്ചത്.
ഒന്നാം ഏകദിനത്തിൽ 375 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 66 റൺസിനാണ് തോറ്റത്. രണ്ടാം ഏകദിനത്തിൽ 390 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് 51 റൺസിനും തോറ്റു. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അതിവേഗ സെഞ്ച്വറികളായിരുന്നു രണ്ട് മത്സരങ്ങളിലും ഓസീസ് ഇന്നിങ്സിലെ ഹൈലൈറ്റ്. രണ്ട് തവണയും വെറും 62 പന്തിൽനിന്നാണ് സ്മിത്ത് ശതകം തികച്ചത്.
‘സത്യസന്ധമായി പറഞ്ഞാൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസി എനിക്കു മനസിലാകുന്നതേയില്ല. ഓസ്ട്രേലിയയുടേതു പോലൊരു ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടണമെങ്കിൽ ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. എന്നിട്ടും ഇന്ത്യൻ ക്യാപ്റ്റൻ ടീമിന്റെ പ്രധാന ബൗളർക്ക് (ജസ്പ്രിത് ബുമ്ര) തുടക്കത്തിൽ നൽകിയത് രണ്ട് ഓവർ മാത്രം. സാധാരണ ഗതിയിൽ ഏകദിനത്തിൽ 4–3–3 ഓവറുകൾ വീതമുള്ള മൂന്ന് സ്പെല്ലുകളാണ് ഉണ്ടാകുക. അല്ലെങ്കിൽ പരമാവധി നാല് ഓവറുകൾ – ഗംഭീർ ചൂണ്ടിക്കാട്ടി.
‘പക്ഷേ, ടീമിലെ പ്രധാന ബൗളറെ ആദ്യത്തെ രണ്ട് ഓവർ മാത്രം എറിയിച്ചിട്ട് മാറ്റിയാൽ അതുകൊണ്ട് എന്തുഫലം? ഈ ക്യാപ്റ്റൻസി എനിക്ക് മനസിലാകുന്നതേയില്ല. എന്താണ് ഈ ക്യാപ്റ്റൻസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല. ഇത് ടി20 ക്രിക്കറ്റല്ലെന്ന് മറക്കരുത്. ഇന്ത്യയുടെ ക്യാപ്റ്റൻസി തീർത്തും ദയനീയമായിരുന്നുവെന്ന് പറയാതെ വയ്യ’ – ഗംഭീർ പറഞ്ഞു.
‘വാഷിങ്ടൺ സുന്ദറിനോ ശിവം ദുബെയ്ക്കോ ടീമിലുള്ള മറ്റേതെങ്കിലും താരത്തിനോ ഇന്ത്യ അവസരം നൽകി ഏകദിനത്തിൽ അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതായിരുന്നു. ഇനി, ഈ സാഹചര്യത്തിൽ അവസരം നൽകാൻ പറ്റിയ താരങ്ങൾ ഓസ്ട്രേലിയയിൽ ഇല്ലെങ്കിൽ അത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്. ഒരാളെ കളത്തിലിറക്കി പരീക്ഷിക്കാതെ രാജ്യാന്തര ക്രിക്കറ്റിന് അയാൾ എത്രത്തോളം യോജിച്ചതാണെന്ന് എങ്ങനെ മനസിലാക്കും? ഇത്തരം കാര്യങ്ങൾക്കൊന്നും ഇന്ത്യ പ്രാധാന്യം നൽകാത്തത് ഈ പരമ്പരയിൽ തിരിച്ചടിക്കാൻ സാധ്യതയേറെയാണ്’ – ഗംഭീർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates