

വഡോദര: 38.3 ഓവറില്‍ പിറന്നത് 403 റണ്‍സ്. ഇരു ടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത് 16 സിക്‌സുകള്‍! വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് വെടിക്കെട്ട് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ 6 വിക്കറ്റിനു വീഴ്ത്തി മിന്നും തുടക്കമിട്ടു. 9 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് സ്മൃതി മന്ധാനയും സംഘവും വിജയക്കുതിപ്പ് തുടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചെടുത്തു. ആര്‍സിബിയുടെ മറുപടി അതേ നാണയത്തില്‍. അവര്‍ 18.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 202 റണ്‍സ് സ്വന്തമാക്കിയാണ് വിജയമുറപ്പിച്ചത്.
ആര്‍സിബിക്കായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് കത്തിക്കയറും ബാറ്റിങുമായി കളം വാണു. വെറും 27 പന്തില്‍ താരം 64 റണ്‍സ് അടിച്ചെടുത്തു. 7 ഫോറും 4 സിക്‌സും സഹിതം താരം പുറത്താകാതെ നിന്നു. എല്ലിസ് പെറി 34 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 57 റണ്‍സും കണ്ടെത്തി. റിച്ചയ്‌ക്കൊപ്പം പുറത്താകാതെ 13 പന്തില്‍ 4 ഫോറുകള്‍ സഹിതം 30 റണ്‍സ് വാരി കനിക അഹുജയും തിളങ്ങിയതോടെ അവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ജയം തൊട്ടു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ റിച്ച- കനിക സഖ്യം വെറും 37 പന്തിൽ അടിച്ചെടുത്തത് 93 റൺസ്.
ക്യാപ്റ്റന്‍ സ്മൃതി മന്ധാനയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ല. താരം 9 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ ഡാനി വ്യാറ്റിനും അധികം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. താരം 4 റണ്‍സുമായി മടങ്ങി. 14 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ശേഷമാണ് ആര്‍സിബിയുടെ തിരിച്ചടി.
നേരത്തെ ടോസ് നേടി ആര്‍സിബി ഗുജറാത്തിനെ ബാറ്റിങിനു അയക്കുകയായിരുന്നു. 37 പന്തില്‍ 8 സിക്‌സും 3 ഫോറും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നറുടെ വെടിക്കെട്ടാണ് ഗുജറാത്ത് സ്‌കോര്‍ 200 കടത്തിയത്. ആഷ്‌ലി ബൗളിങിലും തിളങ്ങി. താരം 2 വിക്കറ്റുകള്‍ സ്വന്തമാക്കി.
ഓപ്പണര്‍ ബെത് മൂണിയും അര്‍ധ സെഞ്ച്വറി നേടി. താരം 42 പന്തില്‍ 8 ഫോറുകള്‍ ഉള്‍പ്പെടെ 56 റണ്‍സെടുത്തു. വിന്‍ഡീസ് താരം ദിയേന്ദ്ര ഡോട്ടിനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 13 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സ് കണ്ടെത്തി. ആര്‍സിബിക്കായി രേണുക സിങ് രണ്ട് വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
