'ഹോം കമിങ്' ഷാബി അലോണ്‍സോ! പരിശീലകനെ പ്രഖ്യാപിച്ച് റയല്‍; എറിക്ക് ടെന്‍ ഹാഗ് ബയര്‍ ലെവര്‍കൂസനില്‍

ഷാബി അലോണ്‍സോയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് റയല്‍ മാഡ്രിഡ്, ലെവര്‍കൂസനെ ഇനി എറിക്ക് ടെന്‍ ഹാഗ് പരിശീലിപ്പിക്കും
Xabi Alonso's homecoming at Real Madrid
ഷാബി അലോണ്‍സോ, എറിക്ക് ടെന്‍ ഹാഗ് എക്സ്
Updated on
2 min read

മാഡ്രിഡ്: കാര്‍ലോ ആഞ്ചലോട്ടിക്ക് പകരക്കാരനായി എത്തിയ ഷാബി ആലോണ്‍സോയെ പുതിയ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡ്. റയലിന്റെ മുന്‍ ഇതിഹാസ താരം കൂടിയായ ഷാബി ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയര്‍ ലെവര്‍കൂസന്റെ പരിശീലകനായിരുന്നു.

റയലില്‍ 2028 വരെയാണ് ഷാബി അലോണ്‍സോയുടെ കരാര്‍. റയലിനായി 236 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമായിരുന്നു ഷാബി അലോണ്‍സോ. 2009 മുതല്‍ 2014 വരെ റയലില്‍ തുടരുന്നു. ആറ് കിരീട നേട്ടങ്ങളിലും പങ്കാളിയായി. പിന്നീട് താരം ബയേണ്‍ മ്യൂണിക്കിനായി കളിച്ചാണ് വിരമിച്ചത്. പിന്നാലെയാണ് പരിശീലക വേഷത്തിലേക്ക് മാറിയത്. നവീന ഫുട്‌ബോള്‍ ആശയങ്ങളാണ് ഷാബിയെ വ്യത്യസ്തനാക്കിയത്.

ക്ലബ് ലോകകപ്പിനു മുന്‍പ് തന്നെ ആഞ്ചലോട്ടി സ്ഥാനമൊഴിയുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലാ ലിഗ സീസണിനു തിരശ്ശീല വീണതിനു പിന്നാലെ ആഞ്ചലോട്ട് സാന്റിയാഗോ ബെര്‍ണബ്യുവിലെ ഡഗൗട്ട് ഒഴിഞ്ഞു. അദ്ദേഹം ഇനി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകും.

ലെവര്‍കൂസനെ ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗ ചാംപ്യന്‍മാരാക്കി കഴിഞ്ഞ സീസണില്‍ ഷാബി ആരാധകരെ അമ്പരപ്പിച്ചിരുന്നു. അതും ഒരു മത്സരം പോലും തോല്‍ക്കാതെയെന്ന അനുപമ നേട്ടവുമായാണ് ലെവര്‍കൂസന്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ഒറ്റ തോല്‍വി മാത്രമാണ് ലെവര്‍കൂസനു നേരിടേണ്ടി വന്നത്. അതുപക്ഷേ യൂറോപ്പ ലീഗ് ഫൈനലില്‍ ആയിപ്പോയി എന്നു മാത്രം. അറ്റ്‌ലാന്റയാണ് ഷാബിയുടെ ലെവര്‍കൂസനെ കഴിഞ്ഞ സീസണില്‍ വീഴ്ത്തിയ ഏക എതിരാളികള്‍.

എന്നാല്‍ ഈ സീസണില്‍ ടീമിനു കിരീടം നേട്ടങ്ങളൊന്നുമില്ല. ബുണ്ടസ് ലീഗയില്‍ രണ്ടാം സ്ഥാനത്തോടെ ഫിനിഷ് ചെയ്യാന്‍ ലെവര്‍കൂസനു സാധിച്ചിരുന്നു. അവര്‍ അടുത്ത ചാംപ്യന്‍സ് ലീഗിലേക്കുള്ള പ്രവേശനവും ഉറപ്പിച്ചു. പിന്നാലെയാണ് ഷാബി ക്ലബിന്റെ പടിയിറങ്ങിയത്.

എറിക് ടെന്‍ ഹാഗ്

മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അയാക്‌സ് മാനേജരായിരുന്ന എറിക്ക് ടെന്‍ ഹാഗാണ് ബയര്‍ ലെവര്‍കൂസന്റെ പുതിയ പരിശീലകന്‍. 2024 ഒക്ടോബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പിന്നീട് മറ്റൊരു ടീമിലേക്കും അദ്ദേഹം പോയിരുന്നില്ല. ഷാബി അലോണ്‍സോ റയല്‍ പരിശീലകനായി പോയതോടെയാണ് ലെവര്‍കൂസന്‍ എറിക്ക് ടെന്‍ ഹാഗിനെ ഡഗൗട്ടിലെത്തിച്ചത്.

അയാക്‌സിനെ ചാംപ്യന്‍സ് ലീഗിലടക്കം എത്തിച്ചാണ് നേരത്തെ ടെന്‍ ഹാഗ് ശ്രദ്ധേയനായത്. പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള അദമ്യമായ ആഗ്രഹത്തോടെ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചു വരവ് പ്രതീക്ഷിച്ചാണ് നേരത്തെ ടെന്‍ ഹാഗിനെ പരിശീലകനാക്കിയത്. എന്നാല്‍ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ പുരോഗതി കാണാഞ്ഞതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

അതേസമയം രണ്ട് മുഴുവന്‍ സീസണുകളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമുണ്ടായിരുന്ന ടെന്‍ ഹാഗ് അവര്‍ക്ക് എഫ്എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല 2022-23 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തും എത്തി. എന്നാല്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ അവര്‍ ടെന്‍ ഹാഗിനു കീഴില്‍ വലിയ തകര്‍ച്ച നേരിട്ടു.

ജര്‍മനിയില്‍ നേരത്തെ ടീമിനെ പരിശീലിപ്പിച്ചുള്ള അനുഭവം ടെന്‍ ഹാഗിനുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ രണ്ടാം നിര ടീമിനെ 2013 കാലത്ത് ടെന്‍ ഹാഗ് പരിശീലിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com