സെക്കന്തരാബാദ്: ഇന്ത്യൻ ഫുട്‌ബോൾ സംഭാവന ചെയ്ത ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ മുൻ നിരയിൽ ഇടംപിടിച്ചവരാണ് സുനിൽ ഛേത്രിയും ഐഎം വിജയനും ബൈച്ചുങ് ബൂട്ടിയയും. ബൂട്ടിയയും ഛേത്രിയും ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിൽ വിജയനും ഛേത്രിയും തമ്മിൽ ഒരുമിച്ച് കളിച്ചിട്ടില്ല. ഇപ്പോഴിതാ ഛേത്രിക്കൊപ്പം കളിക്കാൻ സാധിക്കാത്തതിന്റെ നിരാശ പങ്കുവച്ചിരിക്കുകയാണ് ഐഎം വിജയൻ.
ഒന്നിച്ച് കളിച്ചില്ലെങ്കിലും ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ചാറ്റിൽ മുഖാമുഖം വന്നു. കളിയനുഭവങ്ങളാണ് ഇരുവരും പ്രധാനമായി പങ്കുവച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഛേത്രി നടത്തുന്ന ലെവൻ വൺ ടെൻ എന്ന ഹാഷ്ടാഗിലുള്ള ചാറ്റിലാണ് വിജയൻ വിശേഷങ്ങൾ പങ്കുവച്ചത്. മറ്റ് താരങ്ങളെയും കലാകാരന്മാരെയും ഛേത്രി അഭിമുഖം നടത്തുന്നതാണ് ചാറ്റ്. താരങ്ങളോട് പത്ത് ചോദ്യങ്ങളാണ് ഛേത്രി ചോദിക്കുക.
ഫുട്‌ബോളിൽ നിന്നുള്ള എന്റെ വിരമിക്കൽ ഒരു വർഷം വൈകിച്ചിരുന്നെങ്കിൽ ഒന്നിച്ച് കളിക്കാമായിരുന്നുവെന്ന് വിജയൻ ഛേത്രിയോട് പറഞ്ഞു. ഇക്കാര്യത്തിൽ ഞാൻ നിർഭാഗ്യവാനാണ്. ഇതിൽ എനിക്ക് ബൈച്ചുങ് ബൂട്ടിയയോട് അസൂയയുണ്ട്. ബൈച്ചുങ്ങിന് നിങ്ങളുടെ കൂടെ കളിക്കാൻ കഴിഞ്ഞല്ലോ. എനിക്ക് കഴിഞ്ഞില്ല. നമ്മൾ മൂന്ന് പേരും ഒന്നിച്ച് കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ടീമിന്റെ ആക്രമണ നിര എത്രമാത്രം അപകടകരമാകുമായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ- വിജയൻ പറഞ്ഞു.
രാജ്യത്തിനും ക്ലബിനുംവേണ്ടി കളിക്കുന്നതിന്റെ അധിക ഭാരമുണ്ടെങ്കിലും ഛേത്രിക്ക് വേണമെങ്കിൽ മൂന്ന് വർഷം കൂടി ഇന്ത്യയ്ക്കു വേണ്ടി കളിക്കാം. ഇത്രയും കാലം കളിച്ച് ഇത്രയും ഗോൾ നേടുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും വിജയൻ പറഞ്ഞു.
പുതിയ താരങ്ങൾക്ക് എന്ത് ഉപദേശമാണെന്ന് ഛേത്രി ചോദിച്ചപ്പോഴും വിജയൻ വാചാലനായി. ഞാൻ സഹലിനോട് പറഞ്ഞു. മറ്റെവിടെയും നോക്കരുത്. നിന്റെ മുതിർന്ന താരങ്ങളെയും മുന്നിലുള്ള കളിക്കാരെയും മാത്രം ശ്രദ്ധിക്കുക. സുനിൽ ഛേത്രിയെ നോക്കി അയാൾ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കു. ഇതു തന്നെയാണ് ഞാൻ ആഷിഖ് കുരുണിയനോടും മറ്റുള്ളവരോടുമെല്ലാം പറയുന്നത്. തന്നെ ഇന്റർവ്യൂ ചെയ്യുന്നത് കൊണ്ട് ഞാൻ നല്ല വാക്കുകൾ പറയുന്നതല്ലെന്ന് പറഞ്ഞുകൊണ്ടാണ് വിജയൻ നിർത്തിയത്.
നിരവധി അവസരങ്ങൾ ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തു പോയി കളിച്ചില്ല എന്നതായിരുന്നു ഛേത്രിയുടെ മറ്റൊരു ചോദ്യം.
അന്ന് കാര്യങ്ങൾ ഇന്നത്തെ പോലെ പ്രൊഫഷണലായിട്ടില്ല. നമുക്കൊരു വഴികാട്ടാനും ആളില്ല. ഇന്ന് എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുൻപ് ഉപദേശം തേടാൻ ആളുണ്ട്. അന്ന് എനിക്ക് ഒറ്റയ്ക്ക് തന്നെയാണ് തീരുമാനം എടുക്കേണ്ടി വന്നത്. അന്ന് പുറത്ത് പോയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് എനിക്കറിയില്ല. ജോപോൾ, കാൾട്ടൺ ചാപ്മാൻ തുടങ്ങിയവർക്കൊപ്പം ഇവിടെ തന്നെ കളിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ന് ഇന്ത്യയിൽ കാര്യങ്ങൾ ഒരുപാട് മാറി. ഇന്ത്യൻ ടീമിന് തന്നെ ഒരുപാട് സപ്പോർട്ട് സ്റ്റാഫായി. ഇത് നല്ലതാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങൾ തന്നെ ചൂടുവെള്ളത്തിന്റെ കുപ്പിയൊക്കെ എടുത്തു പോകേണ്ടിയിരുന്നു. എന്നാലും അതൊരു നല്ല കാലമായിരുന്നു- വിജയൻ പറഞ്ഞു.
തന്നെയും വിജയനെയും ചേർത്ത് ഒരു സെവൻസ് ടീം തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല വിജയന്. ജോപോൾ അഞ്ചേരി, ബൈച്ചുങ് ബൂട്ടിയ, എം സുരേഷ്, ഷറഫലി, ദിനേഷ് നായർ. ക്ഷണത്തിലയിരുന്നു വിജയന്റെ സെലക്ഷൻ.
വിജയനോട് സംസാരിക്കുമ്പോൾ തന്നിലെ ആരാധകൻ ഉണർന്നുവെന്ന് ഛേത്രി പറഞ്ഞു. അത്രയും വിനയാന്വിതനും പ്രേരകശക്തിയുമാണ് വിജയനെന്ന് പറഞ്ഞുകൊണ്ടാണ് ഛേത്രി തുടങ്ങിയത്. മാന്ത്രികനെന്ന് ഞാൻ കരുതുന്ന ആൾക്കൊപ്പം കളിക്കാൻ കഴിയത്തതിലെ നഷ്ട ബോധം ഇപ്പോഴുമുണ്ടെന്ന് ഛേത്രി പറഞ്ഞു.
ഇന്ത്യയ്ക്കു വേണ്ടി 79 കളികളിൽ നിന്ന് 40 അന്താരാഷ്ട്ര ഗോളുകൾ നേടിയ വിജയൻ 2003ൽ ആഫ്രോ ഏഷ്യൻ ഗെയിംസിനു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമെന്ന റെക്കോഡുള്ള ഛേത്രി 2005ലാണ് ഇന്ത്യൻ ടീമിലെത്തുന്നത്. ഇതുവരെയായി 115 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു. 72 അന്താരാഷ്ട്ര ഗോളുകൾ നേടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates