ഇസ്ലാമാബാദ്: ടി20യുടെ കാലത്തിനും മുൻപ് ക്രിക്കറ്റ് ക്രീസിൽ വെടിക്കെട്ട് ബാറ്റിങിലൂടെ തീപ്പൊരി പാറിച്ച ബാറ്റ്സ്മാനാണ് പാകിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഷാഹീദ് അഫ്രീദി. കരിയറിലെ രണ്ടാം ഏകദിനത്തിൽ തന്നെ 37 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്രീദി അന്ന് പറത്തിയത് 11 കൂറ്റൻ സിക്സറുകളായിരുന്നു.
1996ൽ ശ്രീലങ്കയ്ക്കെതിരേ നെയ്റോബിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം. 18 വർഷത്തോളം ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും അഫ്രീദിയുടെ ഈ ശതകമായിരുന്നു. പിന്നീട് 2014ൽ ന്യൂസീലൻഡിന്റെ കോറി ആൻഡേഴ്സനാണ് ഈ റെക്കോർഡ് തകർക്കുന്നത്. 36 പന്തിലായിരുന്നു ആൻഡേഴ്സന്റെ ശതകം.
ഇപ്പോഴിതാ ലങ്കയ്ക്കെതിരേ 40 പന്തിൽ നിന്ന് 104 റൺസെടുത്ത മത്സരത്തിൽ അഫ്രീദി ഉപയോഗിച്ചത് സ്വന്തം ബാറ്റായിരുന്നില്ല. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ സമ്മാനിച്ച ബാറ്റായിരുന്നു. സച്ചിൻ സമ്മാനിച്ച ബാറ്റ് വഖാർ യൂനിസാണ് അഫ്രീദിക്ക് നൽകിയത്.
ആ സംഭവമാണ് അഫ്രീദിയെ ഒരു ബാറ്റ്സ്മാനാക്കി മാറ്റിയതെന്ന് അന്ന് അഫ്രീദിയുടെ സഹതാരമായിരുന്ന അസ്ഹർ മഹ്മൂദ് പറയുന്നു. ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ബൗളർ എന്ന നിലയിൽ നിന്ന് അഫ്രീദിയെ ഒരു ബാറ്റ്സ്മാനാക്കി മാറ്റിയത് ആ സംഭവമാണെന്ന് മഹ്മൂദ് ഒരു പാക് മാധ്യമത്തിന്റെ പോഡ്കാസ്റ്റിൽ വ്യക്തമാക്കി.
അരങ്ങേറ്റ മത്സരത്തിൽ അഫ്രീദിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാരണം അന്ന് അദ്ദേഹം ആറാം നമ്പറിലായിരുന്നു ബാറ്റിങ്ങിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ലങ്കയുടെ സനത് ജയസൂര്യയും രമേഷ് കാലുവിതരണയും ചേർന്നുള്ള വെടിക്കെട്ട് ഓപണിങ് കൂട്ടുകെട്ട് കണ്ടതോടെ ടീം മാനേജ്മെന്റ് അഫ്രീദിയെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മഹ്മൂദ് പറയുന്നു.
'സഹാറ കപ്പിനു ശേഷം 1996-ൽ നെയ്റോബിയിലാണ് ഷാഹിദ് അഫ്രീദി അരങ്ങേറ്റം കുറിക്കുന്നത്. എന്റെയും ആദ്യ മത്സരം അതായിരുന്നു. മുഷ്താഖ് അഹമ്മദിന് പരിക്കേറ്റതിനാൽ പാകിസ്ഥാൻ എ ടീമിനൊപ്പം വെസ്റ്റിൻഡീസിൽ പര്യടനം നടത്തുകയായിരുന്ന അഫ്രീദിയെ ടീമിലെടുക്കുകയായിരുന്നു. അക്കാലത്ത് സനത് ജയസൂര്യയും റൊമേഷ് കാലുവിതരണയും ചേർന്നുള്ള ഓപണിങ് കൂട്ടുകെട്ട് തുടക്കത്തിൽ തന്നെ ആക്രമിക്കുന്ന സമയമാണ്. അതോടെ മൂന്നാം നമ്പറിൽ നന്നായി കളിക്കാനാകുന്ന ഒരാളെ വേണമെന്ന് ടീം തീരുമാനിച്ചു. എന്നോടും അഫ്രീദിയോടും നെറ്റ്സിൽ പരിശീലിക്കാൻ പറഞ്ഞു. ഞാൻ ശ്രദ്ധിച്ച് കളിച്ചപ്പോൾ അഫ്രീദി സ്പിന്നർമാർ അടക്കമുള്ള എല്ലാവരേയും കടന്നാക്രമിക്കുകയായിരുന്നു'.
അടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു മുമ്പ് അഫ്രീദിയാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതെന്ന് ടീം പറഞ്ഞു. വഖാറിന് സച്ചിനിൽ നിന്ന് ഒരു ബാറ്റ് ലഭിച്ചിരുന്നു. അന്ന് അഫ്രീദി സച്ചിന്റെ ആ ബാറ്റ് ഉപയോഗിച്ച് കളിച്ച് സെഞ്ച്വറി നേടി. അതോടെയാണ് അദ്ദേഹം ഒരു ബാറ്റ്സ്മാനാകുന്നത്. ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ബൗളറായിരുന്നു അഫ്രീദി അതുവരെ. എന്നാൽ അതിനു ശേഷം അദ്ദേഹത്തിന് ലഭിച്ചത് മഹത്തായ ഒരു കരിയറായിരുന്നു.'' - മഹ്മൂദ് പറയുന്നു.
അന്ന് ഓപണർ സലിം ഇലാഹിയെ നഷ്ടമായതോടെ അഫ്രീദി മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി. സച്ചിന്റെ ബാറ്റ് ഉപയോഗിച്ച് 11 സിക്സും ആറു ഫോറും അടക്കമാണ് അഫ്രീദി ആ റെക്കോർഡ് സെഞ്ച്വറി സ്വന്തമാക്കിയത്. പിന്നീട് മികച്ച ഓൾറൗണ്ടറായും അഫ്രീദി മാറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates