സ്വപ്‌നങ്ങളാണ് ജീവിക്കാനുള്ള പ്രേരണ നല്‍കുന്നത് എന്ന് പറയാറുണ്ട്. ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം നിങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് സ്വപ്‌നം എന്ന് എപിജെ അബ്ദുല്‍ കലാം പറഞ്ഞതിന്റെ അര്‍ഥവും മറ്റൊന്നല്ല. നിങ്ങളുടെ സ്വപ്‌നം അത്രമേല്‍ ഗാഢമാണെങ്കില്‍ അത് സാക്ഷാത്കരിക്കാന്‍ പ്രപഞ്ചം ഗൂഢാലോചന നടത്തുമെന്ന് പൗലോ കൊയ്‌ലോ ആല്‍ക്കെമിസ്റ്റില്‍ പറയുന്നു.
അല്‍ഫോണ്‍സോ ഡേവിസ് എന്ന ബയേണ്‍ മ്യൂണിക്ക് താരത്തിന്റെ കഥ അത്തരമൊരു സഞ്ചാരമാണ്. താന്‍ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമായ ജീവിത കഥ.
19 വയസ് മാത്രമുള്ള അല്‍ഫോണ്‍സോ ഡേവിസ് ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് കിരീടത്തിന് അവകാശികളില്‍ ഒരാളാണ്. കേവലം 19 വര്‍ഷത്തെ ജീവിതത്തില്‍ അല്‍ഫോണ്‍സോ താണ്ടിയ ദുരിതങ്ങള്‍ക്ക് കാലം കാത്തുവച്ച അപൂര്‍വ സമ്മാനമാണ് ലിസ്ബണില്‍ താരം ഉയര്‍ത്തിയ ചാമ്പ്യന്‍സ് ലീഗ് കിരീടം. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചരിത്രത്തിലെ ആദ്യ കാനഡ താരമായും അല്‍ഫോണ്‍സോ മാറി. പോർച്ചുഗലിലെ ലിസ്ബനിൽ പാരിസ് സെന്റ് ജെർമെയ്നെ 1-0ത്തിന് പരാജയപ്പെടുത്തിയാണ് ബയേൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഘാനയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയേണ്ടി വന്ന ലൈബീരിയക്കാരായ ദമ്പതിമാരുടെ മകനായാണ് അല്‍ഫോണ്‍സോയുടെ ജനനം. അഞ്ചാം വയസില്‍ മാതാപിതാക്കള്‍ക്കൊപ്പം കാനഡയിലെ എഡ്‌മോണ്‍ടന്‍ നഗരത്തിലേക്ക് കുടിയേറി.
14ാം വയസില്‍ കാനഡയിലെ വാന്‍കൂവര്‍ ക്ലബിലൂടെയാണ് അല്‍ഫോണ്‍സോ ഡേവിസ് തന്റെ ഫുട്‌ബോള്‍ യാത്രക്ക് തുടക്കമിടുന്നത്. ഒരു വര്‍ഷത്തിന് ശേഷം വാന്‍കൂവറിന്റെ ബി ടീമിനായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറി. 2000ത്തിന് ശേഷം ജനിച്ച് മേജര്‍ ലീഗ് സോക്കറില്‍ കളിക്കുന്ന ആദ്യ താരമായി ഡേവിസ് മാറി.
മൈതാനത്ത് അതിവേഗത്തില്‍ പന്തുമായി കുതിക്കുന്നതാണ് അല്‍ഫോണ്‍സോ ഡേവിസെന്ന താരത്തെ ശ്രദ്ധേയനാക്കുന്നത്. കാനഡയ്ക്കായും താരം പിന്നീട് ബൂട്ടുകെട്ടി. എംഎല്‍എസില്‍ രണ്ട് സീസണുകളില്‍ കളിച്ച അല്‍ഫോണ്‍സോ ഡേവിസ് 17ാം വയസില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലെത്തി. എംഎല്‍എസിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫറായി അല്‍ഫോണ്‍സോ ഡേവിസിന്റെ ചേക്കേറല്‍.
ബയേണിലെത്തിയതോടെ അല്‍ഫോണ്‍സോ ഡേവിസിന്റെ കരിയറില്‍ നിര്‍ണായക മാറ്റം വന്നു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കാണ് ഇന്ന് അല്‍ഫോണ്‍സോ. ബാവേറിയന്‍ അതികായര്‍ക്കായി 43 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ഈ സീസണില്‍ ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി മാറി.
ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ഇടത് വിങില്‍ താരം കാഴ്ചവെച്ച പ്രകടനം മാത്രം മതി അല്‍ഫോണ്‍സോയുടെ മികവ് അടയാളപ്പെടുത്താന്‍. അന്ന് ജോഷ്വാ കിമ്മിചിന് ഗോളടിക്കാന്‍ അവസരമൊരുക്കിയ അല്‍ഫോണ്‍സോയുടെ മികവ് ഫുട്‌ബോള്‍ ലോകം അവിശ്വസനീയതയോടെയാണ് കണ്ടത്.
ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം അല്‍ഫോണ്‍സോ ഡേവിസ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- 'സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു'
സ്വപ്നത്തെ പിന്തുടരുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ് തന്റെ കാര്യമെന്ന് അല്‍ഫോണ്‍സോ പറയുന്നു. ചിലപ്പോള്‍ അസാധ്യമെന്നു തോന്നാം. എന്നാല്‍ ആ സ്വപ്നത്തെ ഉപേക്ഷിക്കരുത്. നിങ്ങളുടെ കഴിവില്‍ പൂര്‍ണമായി വിശ്വസിക്കുക. കാനഡയില്‍ നിന്നുള്ള ഒരു കുട്ടിക്ക് ഇങ്ങനെയൊരു യാത്ര സാധ്യമാകുമെന്ന് ആരെങ്കിലും ഊഹിച്ചിട്ടുണ്ടാകുമോ. കാനഡയിലെ എഡ്‌മോണ്‍ടന്‍ ആല്‍ബര്‍ട്ട എന്ന സ്ഥലം എവിടെയാണെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. അങ്ങനെയൊരു സ്ഥലത്ത് നിന്ന് വരുന്ന അവന്‍ ഇപ്പോള്‍ ഒരു ചാമ്പ്യന്‍സ് ലീഗ് വിജയിയാണ്. അല്‍ഫോണ്‍സോ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
തന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി മുന്നില്‍ വന്നപ്പോഴുള്ള ആത്മബലത്തിന്റെ മികവിലാണ് അല്‍ഫോണ്‍സോ ഇങ്ങനെ കുറിച്ചത്. ജീവിതത്തില്‍ തളര്‍ന്നു പോകുന്നുവെന്ന് തോന്നുന്ന എല്ലാവര്‍ക്കും ഈ കൗമാര താരത്തിന്റെ പ്രയാണം പ്രചോദനാത്മകമാണ്. ബിഗ് സല്യൂട്ട് അല്‍ഫോണ്‍സോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates