

ആംസ്റ്റർഡാം: വമ്പൻമാരെ അട്ടിമറിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്കുള്ള അയാക്സിന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു. 14 വർഷത്തിന് ശേഷമാണ് ഒരു ഡച്ച് ക്ലബ് ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്നത്. പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ച അയാക്സ് ക്വാർട്ടറിൽ കരുത്തരായ യുവന്റസിനെയാണ് തുരത്തിയത്. സെമിയിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനമാണ് അവരുടെ എതിരാളികൾ.
സെമിയിലെത്തിയ അയാക്സിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ. ടോട്ടനത്തിന് എതിരായുള്ള അയാക്സിന്റെ ആദ്യ പാദ സെമി മത്സരത്തിന് മുൻപായി ആവശ്യത്തിന് വിശ്രമം ലഭിക്കാൻ ഡച്ച് ലീഗ് മത്സരങ്ങൾ മാറ്റിവയ്ക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ഞായറാഴ്ച ലീഗിൽ അയാക്സിന് മത്സരമുണ്ട്. അയാക്സിന്റെ അടുത്ത ലീഗ് മത്സരം ഏപ്രിൽ 28നാണ്. ഈ മത്സരം കഴിഞ്ഞ് രണ്ടാം ദിവസമാണ് ടോട്ടനത്തിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടം.
ഈ സാഹചര്യത്തിൽ അയാക്സ് താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനായി 28ാം തീയതി ലീഗിൽ നടക്കാനിരുന്ന എല്ലാ മത്സരങ്ങളും മാറ്റി വയ്ക്കാൻ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. ഈ മത്സരങ്ങൾ പിന്നീട് മെയ് 15ഓടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ ഈ നടപടിക്ക് ഫുട്ബോൾ ലോകത്തിന്റെ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates