ചെന്നൈ: മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോനിയെ കുറിച്ച് ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുൻ ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസൻ. പ്രതിഭയുള്ള ഒരു താരത്തെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ഉൾപ്പെടുത്തണമെന്നു താൻ പറഞ്ഞിട്ടും ധോനി അതിനു തയാറായില്ലെന്ന് ശ്രീനിവാസൻ പറയുന്നു. ശ്രീനിവാസൻ തലവനായിട്ടുള്ള ഇന്ത്യ സിമന്റ്സാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഉടമകൾ. ഒരു വെബിനാറിലാണ് ശ്രീനിവാസന്റെ ധോനിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.
പ്രതിഭയുള്ളൊരു താരത്തെ ഞങ്ങൾ ധോനിയോടു നിർദേശിച്ചിരുന്നു. എന്നാൽ പറ്റില്ല, സർ അയാൾ ടീമിനെ നശിപ്പിക്കുമെന്നായിരുന്നു ധോനി അന്ന് പറഞ്ഞത്– ശ്രീനിവാസൻ വ്യക്തമാക്കി. ഒരു ടീമിനെ സംബന്ധിച്ചു യോജിപ്പ് എന്നതു പ്രധാനമാണ്. ധോനി ടീമിലെടുക്കരുതെന്ന് പറഞ്ഞ താരം ആരാണെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തിയില്ല.
ധോനി ഒരു താരത്തെ വിലയിരുത്തുന്നത് നെറ്റ്സിലെ പ്രകടനവും സമ്മർദങ്ങൾ നേരിടാനുള്ള ശേഷിയും നോക്കിയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ രൂപീകരണത്തിൽ ധോനിയുടെ തന്ത്രങ്ങളും തീരുമാനവും നിർണായകമാണെന്നും ശ്രീനിവാസൻ പറഞ്ഞു. ടീം മീറ്റിങ്ങുകളിൽ ധോനിക്കു വിശ്വാസമില്ല. ഉദാഹരണത്തിന് ടീമിന്റെ ബൗളിങ് പരിശീലകർ നേരിടാൻ പോകുന്ന ബാറ്റ്സ്മാൻമാരുടെ വീഡിയോകൾ പ്ലേ ചെയ്ത് അവരെ പുറത്താക്കാനുള്ള വഴികൾ ചർച്ച ചെയ്യാറുണ്ട്. താരങ്ങളുടെ കരുത്തും ദൗർബല്യവും കണ്ടെത്തുകയാണു ലക്ഷ്യം.
എന്നാൽ ധോനി ഇതിലൊന്നും പങ്കെടുക്കാറില്ല. ഈ വിഷയത്തിൽ ധോനിക്ക് സഹജവാസനയുണ്ട്. എല്ലാവരും അഭിപ്രായങ്ങൾ പറയുമ്പോൾ ധോനി മാറിനിൽക്കുകയാണു ചെയ്യാറ്. ഒരു ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മുൻപ് ഒരു താരമല്ല, മറിച്ച് ഫ്രാഞ്ചൈസിയാണു നമുക്ക് സ്വന്തമെന്ന് ഓർക്കണം. ടീമാണ് സ്വന്തം, അല്ലാതെ ഓരോ താരങ്ങളുമല്ല ശ്രീനിവാസൻ പറഞ്ഞു.
ഐപിഎല്ലിൽ ഏറ്റവും സ്ഥിരത പുലർത്തിയ ടീമാണ് ചെന്നൈ. ഇതുവരെയുള്ള 12 ഫൈനലുകളിൽ ഒൻപതിലും ചെന്നൈ കളിച്ചത് ധോനിയുടെ ക്യാപ്റ്റൻസിയുടെ മികവായാണു വിലയിരുത്തപ്പെടുന്നത്. മൂന്ന് തവണ ചെന്നൈ കിരീടവും സ്വന്തമാക്കി. ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളതും ധോനിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates