ന്യൂഡൽഹി: അർജുന പുരസ്കാരത്തിനുള്ള പട്ടികയിൽ നിന്ന് കേന്ദ്ര കായിക മന്ത്രാലയം തഴഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായിക മന്ത്രി കിരൺ റിജിജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. ഇത്തവണ 29 കായിക താരങ്ങളുടെ പട്ടികയാണ് അർജുന പുരസ്കാരത്തിനായി കായിക മന്ത്രാലയത്തിന് സമർപ്പിച്ചത്. ഈ പട്ടികയിൽ നിന്ന് സാക്ഷി മാലിക്ക്, ഭാരോദ്വഹന താരം മീരാബായ് ചാനു എന്നിവരെ ഒഴിവാക്കി 27 പേർക്കാണ് പുരസ്കാരം നൽകിയത്. ഇങ്ങനെ ഒഴിവാക്കിയത് ചോദ്യം ചെയ്താണ് സാക്ഷി ഇപ്പോൾ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.
മുൻപ് ഖേൽരത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് സാക്ഷിക്കും മീരാബായ് ചാനുവിനും അർജുന അവാർഡ് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയവരെ അർജുന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാട്ടിയിരുന്നു. 2016ലാണ് സാക്ഷി മാലിക്കിന് ഖേൽരത്‌ന പുരസ്കാരം ലഭിച്ചത്. മീരാബായ് ചാനുവിന് 2018ലും. ഈ സാഹചര്യത്തിലാണ് ഇരുവരേയും അർജുനയിൽ നിന്ന് ഒഴിവാക്കിയത്.
അർജുന പുരസ്കാരം നേടാൻ താൻ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടതെന്ന് ചോദ്യമുയർത്തിയാണ് സാക്ഷിയുടെ കത്ത്. 2017ലെ കോൺവെൽത്ത് ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണവും അതേ വർഷം നടന്ന ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് സാക്ഷി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടി. രാജ്യത്തെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്‌മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുള്ള താരമാണ് സാക്ഷി.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, കായിക മന്ത്രി കിരൺ റിജിജു ജീ, എനിക്ക് ഖേൽ രത്‌ന പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷവവും അഭിമാനവുമുണ്ട്. സാധ്യമായ എല്ലാ പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് കായിക താരങ്ങൾ മുന്നോട്ടു പോകുന്നത്. അതിനു വേണ്ടിയാണ് തന്റെ ജീവിതം തന്നെ സമർപ്പിച്ചിരിക്കുന്നത്. എന്റെ പേര് അർജുന പുരസ്കാര പട്ടികയിൽ കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഈ പുരസ്കാരത്തിനായി ഏതു മെഡലാണ് ഞാൻ ഇന്ത്യയ്ക്കായി ഇനി നേടേണ്ടത്? അതോ, ഈ ജീവിതത്തിൽ ഇനി അർജുന അവാർഡ് ലഭിക്കാൻ എനിക്ക് ഭാഗ്യമില്ല എന്നുണ്ടോ?’ – കത്തിലൂടെ സാക്ഷി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates