ആകെ കളിച്ചത് 38 മിനുട്ടുകള്‍; അതിനിടെ മൂന്ന് ഗോളുകളും റെക്കോര്‍ഡും; മെസിയെ പിന്നിലാക്കി എംബാപ്പെ

ആകെ കളിച്ചത് 38 മിനുട്ടുകള്‍; അതിനിടെ മൂന്ന് ഗോളുകളും റെക്കോര്‍ഡും; മെസിയെ പിന്നിലാക്കി എംബാപ്പെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്
Published on

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഹാട്രിക്ക് ഗോളുകളുമായി കെയ്‌ലിയന്‍ എംബാപ്പെ തിളങ്ങിയ പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ ക്ലബ് ബ്രുഗ്ഗയെ പരാജയപ്പെടുത്തി. 

പകരക്കാരനായി ഇറങ്ങിയായിരുന്നു എംബാപ്പെയുടെ ഈ മികവ്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ പകരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തില്‍ ഹാട്രിക്ക് തികയ്ക്കുന്ന താരമായി ഫ്രഞ്ച് യുവ താരം മാറി. 

കളിയുടെ 52ാം മിനുട്ടിലാണ് എംബാപ്പെ പകരക്കാരന്റെ റോളിലെത്തുന്നത്. ഒന്‍പത് മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ 61ാം മിനുട്ടില്‍ തന്റെ ആദ്യ ഗോള്‍ നേടിയ എംബാപ്പെ 79ാം മിനുട്ടില്‍ രണ്ടാം ഗോളും അഞ്ച് മിനുട്ടിനുള്ളില്‍ മൂന്നാം ഗോള്‍ വലയിലാക്കി ഹാട്രിക്ക് തികയ്ക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാല്‍ 52ാം മിനുട്ടില്‍ ഇറങ്ങിയ എംബാപ്പെ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 

കൗതുകകരമായ മറ്റൊരു കണക്കും ഇതിനൊപ്പമുണ്ട്. താരം മൈതാനത്ത് ആകെ കളിച്ചത് 38 മിനുട്ടുകള്‍. മൂന്ന് ഗോളുകള്‍ നേടി. ഒരു ഗോളിന് വഴിയൊരുക്കി. അഞ്ച് ഷോട്ടുകളും 28 ടച്ചുകളും. ഒരു നിര്‍ണായക പാസും ഒരു വലിയ അവസരവും താരം ഒരുക്കി നല്‍കി. 

വേഗതയാര്‍ന്ന ഹാട്രിക്ക് നേട്ടത്തിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ 15 ഗോളുകള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. 20 വയസും 306 ദിവസവും പിന്നിടുമ്പോഴാണ് എംബാപ്പെയുടെ നേട്ടം. ഈ റെക്കോര്‍ഡില്‍ പിന്നിലാക്കിയത് സാക്ഷാല്‍ ലയണല്‍ മെസിയെ തന്നെ. മെസി 21 വയസും 288 ദിവസവും പിന്നിട്ടപ്പോളാണ് ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകള്‍ തികച്ചത്. 22 വയസും 163 ദിവസവുമായി മുന്‍ റയല്‍ മാഡ്രിഡ് നായകന്‍ റൗള്‍ മൂന്നാം സ്ഥാനത്ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com