ആശാന്റെ നെഞ്ചിൽ ചവിട്ടിത്തന്നെ തുടക്കം; മടയിൽ ചെന്ന് പുലിയെ കീഴ്പ്പെടുത്തി കൊമ്പൻമാർ; അത്ഭുതങ്ങളൊളിപ്പിച്ച തന്ത്രങ്ങളുമായി ഡേവിഡ് ജെയിംസ്

അമർ തൊമർ കൊൽക്കത്തയെ മറുപടിയില്ലാത്ത രണ്ട് ​​ഗോളുകൾക്ക് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എെഎസ്എൽ അഞ്ചാം സീസണിന് ഉജ്ജ്വല തുടക്കം കുറിച്ചു
ആശാന്റെ നെഞ്ചിൽ ചവിട്ടിത്തന്നെ തുടക്കം; മടയിൽ ചെന്ന് പുലിയെ കീഴ്പ്പെടുത്തി കൊമ്പൻമാർ; അത്ഭുതങ്ങളൊളിപ്പിച്ച തന്ത്രങ്ങളുമായി ഡേവിഡ് ജെയിംസ്
Updated on
2 min read

കൊൽക്കത്ത: പുലിയെ അതിന്റെ മടയിൽ ചെന്ന് തന്നെ കീഴ്പ്പെടുത്തി കൊമ്പൻമാർ തുടങ്ങി. രണ്ട് തവണ ചാംപ്യൻമാരായ അമർ തൊമർ കൊൽക്കത്തയെ മറുപടിയില്ലാത്ത രണ്ട് ​​ഗോളുകൾക്ക് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എെഎസ്എൽ അഞ്ചാം സീസണിന് ഉജ്ജ്വല തുടക്കം കുറിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പൽ പരിശീലിപ്പിച്ച കൊൽക്കത്തയുടെ കരുത്തിനെ കളിയുടെ ഒരു ഘട്ടത്തിൽ പോലും ഭയക്കാതെ നിരന്തരം ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയത്തുടക്കമിട്ടത്. കഴിഞ്ഞ നാല് സീസണിനിടെ പത്ത് തവണ നേർക്കുനേർ വന്നപ്പോഴും ഒരു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് എടികെയെ വീഴ്ത്താൻ സാധിച്ചിരുന്നുള്ളു. 

ആശാന്റെ നെഞ്ചിൽ തന്നെ ആദ്യം പ്രഹരം നൽകിയ ബ്ലാസ്റ്റേഴ്സിന്റെ കളി ആരാധകരെ അങ്ങേയറ്റം ആനന്ദിപ്പിക്കും എന്ന് ഉറപ്പ്. മൂന്ന് പോയിന്റുമായി അഞ്ചാം സീസണിന് ​​ഗംഭീര തുടക്കമിടാനും ടീമിനായി. ഉദ്ഘാടന മത്സരത്തിൽ ആദ്യമായി തോൽവി വഴങ്ങിയെന്ന നാണക്കേടുമായാണ് എടികെ സ്വന്തം മൈതാനത്ത് നിന്ന് മടങ്ങിയത്. 

ആദ്യ പകുതി മുതൽ അമ്പരപ്പിക്കുന്ന മുന്നേറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് പന്തു തട്ടിയത്. എതിരാളികളുടെ താരത്തിളക്കമോ കാണികളുടെ പിന്തുണയോ വകവയ്ക്കാതെ കളിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ ശ്രദ്ധേയമായ ഗോളവസരങ്ങൾ സൃഷ്ടിച്ചു. മുന്നേറ്റത്തിൽ പോപ്ലാട്നിച്– സ്റ്റോജനോവിച്ച് സഖ്യം മികച്ച ഒത്തിണക്കം കാട്ടി അപകടകാരികളായതോടെ ബ്ലാസ്റ്റേഴ്സ് പിടിമുറുക്കി. മലയാളി താരം സഹൽ അബ്ദുൽ സമദും മികച്ച ഗോൾ ശ്രമങ്ങളുമായി കാണികളെ കൈയിലെടുത്തു. 

ആദ്യ പകുതി പുരോ​ഗമിക്കവേ കരുത്താർജിച്ച് എടികെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തും ഭീഷണി സൃഷ്ടിച്ചതോടെ മത്സരം സജീവമായി. ഇടയ്ക്ക് എവർട്ടൻ സാന്റോസ് ഉതിർത്ത ലോങ് ഷോട്ട് ക്രോസ് ബാറിന് ഇഞ്ചുകൾ മാത്രം മുകളിലൂടെ ഗാലറിയിലേക്ക് പോകുന്ന കാഴ്ച ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവച്ചാണ് കണ്ടിരുന്നത്. ആദ്യ ഗോളിനു പിന്നാലെ ലാൻസെറോട്ടയുടെ നേതൃത്വത്തിൽ എടികെ ചില ഗോൾ ശ്രമങ്ങൾ സംഘടിപ്പിച്ചെങ്കിലും ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

ആദ്യ പകുതി​ ​ഗോൾരഹിതമായപ്പോൾ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോളുകളും വലയിലാക്കി വിജയം ഉറപ്പിച്ചത്. സ്ലോവാനിയൻ താരം മാറ്റെജ് പോപ്ലാട്നിച് (76), സെർബിയൻ താരം സ്ലാവിസ സ്റ്റോജനോവിച് (86) എന്നിവർ 10 മിനുട്ടിനിടെ നേടിയ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സ് എടികെ വെല്ലുവിളി മറികടന്നത്.  

കളിയുടെ 76ാം മിനുട്ടിലാണ് പോപ്ലാട്നിച് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ സ്റ്റോജനോവിച്ച് തൊടുത്ത ഷോട്ട് എടികെ താരം ജേഴ്സന്റെ കാലി‍ൽത്തട്ടി തെറിക്കുന്നു. ഓടിയെത്തിയ പോപ്ലാട്നിച് ഉയരം മുതലെടുത്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടു.

പത്ത് മിനുട്ടിനുള്ളിൽ കൊമ്പൻമാർ ലീഡുയർത്തി. ആദ്യ ഗോളിനു വഴിയൊരുക്കിയ സ്റ്റോജനോവിച്ച് ഇക്കുറി ലക്ഷ്യം കണ്ടു. ഹാളിചരൺ നർസരിയിൽ നിന്ന് കിട്ടിയ പന്തുമായി ജേഴ്സനെ കടന്നു മുന്നോട്ടു കയറി സെർബിയൻ താരം തൊടുത്ത കരുത്താർന്ന ഷോട്ട്, എടികെ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിലായി.

മലയാളി താരം സഹൽ അബ്ദുൽ സമദിന് ആദ്യ ഇലവനിൽ ഇടം നൽകിയാണ് പരിശീലകൻ ഡേവിഡ് ജയിംസ് ടീമിനെ ഇറക്കിയത്. ധീരജ് സിങ് ഗോൾ വല കാക്കാനെത്തിയപ്പോൾ കറേജ് പെക്കൂസൻ, മലയാളി താരം സി.കെ. വിനീത് എന്നിവർ പകരക്കാരായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com