മാഞ്ചസ്റ്റർ: ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പോരാട്ടത്തിന്റെ നാലാം ദിവസം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. നാലാം ദിനത്തിൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല.
399 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിൻഡീസ് ആറ് ഓവറിൽ രണ്ടി വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലാണ് മൂന്നാം ദിനത്തിൽ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. എട്ട് വിക്കറ്റുകൾ ശേഷിക്കെ വിൻഡീസിന് ഇനി 389 റൺസ് കൂടി വേണം. ഒന്നാം ഇന്നിങ്‌സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ കുഴക്കിയ ബ്രോഡാണ് വീണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.
ഇനി ഒരു ദിവസമാണ് രണ്ട് ടീമുകൾക്കും മുന്നിലുള്ളത്. വിൻഡീസിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റുകൾ നാളെത്തന്നെ വീഴ്ത്തി വിജയവും അതുവഴി പരമ്പരയും സ്വന്തമാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. പരമ്പര ഒപ്പത്തിൽ നിർത്താൻ മൂന്നാം ടെസ്റ്റ് സമനിലയിൽ ആക്കിയാൽ മതി വിൻഡീസിന്. അഞ്ചാം ദിനത്തിൽ പരമാവധി വിക്കറ്റുകൾ കളയാതെ സമനില പിടിക്കാനായിരിക്കും കരീബിയൻ സംഘം ലക്ഷ്യമിടുക.
നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 369 റൺസിന് പുറത്തായിരുന്നു. വെസ്റ്റിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 197 റൺസിൽ അവസാനിപ്പച്ച ഇംഗ്ലണ്ട് 172 റൺസിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിൽ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
റോറി ബേൺസ് (90), ഡോം സിബ്‌ലെ (56), ക്യാപ്റ്റൻ ജോ റൂട്ട് (പുറത്താകാതെ 68) എന്നിവരുടെ അർധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് 226 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ഇംഗ്ലണ്ടിന് നഷ്ടമായ രണ്ട് വിക്കറ്റുകൾ ഹോൾഡർ, ചെയ്‌സ് എന്നിവർ പങ്കിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates