

വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കളിക്കാരനായിരുന്ന ഹര്‍മന്‍പ്രീത് ബുള്ളര്‍ കുഞ്ഞു ഹര്‍മന്‍പ്രീതിന് വാങ്ങി നല്‍കിയ ടി ഷര്‍ട്ടില്‍ കുറിച്ചിരുന്നത് ഗുഡ് ബാറ്റ്‌സ്മാന്‍ എന്നായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഡെര്‍ബിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജീവിതം കൊണ്ട് കൗര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു ഗുഡ് ബാറ്റ്‌സ്മാന്‍ എന്ന്, 1983ലെ ലോക കപ്പില്‍ സിംബാവെയ്‌ക്കെതിരെ കപില്‍ നേടിയ 175 റണ്‍സ് ഉള്‍പ്പെടെയുള്ള ഇതിഹാസ ഇന്നിങ്‌സുകള്‍ക്കെല്ലാം ഒപ്പം ഇനി ഹര്‍മന്‍പ്രീത് കൗറിന്റെ 171 റണ്‍സും. ഒരുപക്ഷെ ഇതുവരെ ആരാധകര്‍ കണ്ട മിന്നും പ്രകടനത്തേക്കാളെല്ലാം ഉയരത്തില്‍ വാഴ്ത്തിപാടുകയാണ് ഇന്ത്യക്കാര്‍ ഈ പഞ്ചാബിയുടെ പ്രകടനത്തെ ഇപ്പോള്‍.
ഡെര്‍ബിയില്‍ അര്‍ധ ശതകത്തില്‍ നിന്നും സെഞ്ചുറിയിലേക്കെത്താന്‍ കൗറിന് വേണ്ടിവന്നത് 26 ബോളുകളാണ്. 101ല്‍ നിന്നും 150ലേക്ക് എത്തിയത് 17 ബോളുകള്‍ അടിച്ചു പറത്തിയും. അവിശ്വസനീയം എന്ന് ക്രിക്കറ്റ് ദൈവം പോലും പറഞ്ഞു പോയതില്‍ ഒട്ടും അതിശയോക്തിയില്ല.
ലോങ് റേഞ്ച് സിക്‌സറുകളുടെ തുടക്കം
1989 മാര്‍ച്ച് എട്ടിനായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ ബുള്ളറിന്റെ ജനനം. വീടിന് എതിര്‍വശമുള്ള ഗുരു നാനാക്ക് സ്റ്റേഡിയത്തില്‍ ലോക്കല്‍ ബോയ്‌സിനൊപ്പം കളിച്ചായിരുന്നു വലംകൈ ബാറ്റ്‌സ്മാനായ കൗറിന്റെ തുടക്കം. സ്‌കൂളിലാണെങ്കില്‍ ക്രിക്കറ്റിന് പുറമെ ഹോക്കി, അത്‌ലറ്റിക്‌സ് മത്സരങ്ങളിലും കൗര്‍ ഒരു കൈ പരീക്ഷിച്ചു.
ഗുരു നാനാക്ക് സ്റ്റേഡിയത്തില്‍ നടന്ന ഒരു മത്സരത്തില്‍ കൗര്‍ പറത്തിയ ഒരു സിക്‌സര്‍ അടുത്തുള്ളൊരു വീടിന്റെ ചില്ല് തകര്‍ത്തിരുന്നു. ആരാണ് സിക്‌സറിന് ഉടമയെന്ന് അന്വേഷിച്ചെത്തിയ വീട്ടുടമസ്ഥന്‍ ഹര്‍മന്‍പ്രീതിനെ അനുമോദിച്ചാണ് മടങ്ങിയതെന്നും ഓര്‍ത്തെടുക്കുകയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറിന്റെ ആദ്യകാല പരിശീലകരില്‍ ഒരാളായ കമല്‍ദീഷ് സിങ്. ഇന്ന് നാം കാണുന്ന കൗറിന്റെ ലോങ് റേഞ്ച് സിക്‌സറുകളുടെ തുടക്കം അവിടെ നിന്നായിരുന്നു.
സിക്‌സറിന് പിന്നില്‍ ബാറ്റില്‍ കൃത്രിമമോ?
2009ലെ ലോക കപ്പില്‍ ചിര വൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കൗര്‍ ആദ്യമായി നീലക്കുപ്പായം അണിയുന്നത്. ഇരുപത് വയസായിരുന്നു അന്ന് ഹര്‍മന്‍പ്രീതിന്റെ പ്രായം. അന്ന് നാല് ഓവര്‍ ബോള്‍ ചെയ്ത ഹര്‍മന്‍പ്രീത്
10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. തന്റെ ആദ്യ ലോക കപ്പ് ടൂര്‍ണമെന്റില്‍ കൗര്‍ പറത്തിയ സിക്‌സ് 110 മീറ്റര്‍ കടന്നിരുന്നു. കളിക്ക് ശേഷം ബാറ്റില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചിരുന്നതായി കൗര്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
അടിച്ചു പറത്താന്‍ എന്നും ഇഷ്ടടം ഓസ്‌ട്രേലിയയെ
2013ല്‍ ആയിരുന്നു തന്റെ ആദ്യ രണ്ട് സെഞ്ചുറികളിലേക്ക് ഹര്‍മന്‍പ്രീത് എത്തുന്നത്. ആദ്യത്തേത്ത് ഇംഗ്ലണ്ടിനെതിരേയും രണ്ടാമത്തേത് ബംഗ്ലാദേശിനെതിരേയും. 2016ല്‍ ഇന്ത്യന്‍ വനിതാ ട്വിന്റി20 ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം കൗറിലേക്കെത്തി. മിതാലി രാജില്‍ നിന്നായിരുന്നു ട്വിന്റി20 ടീമിന്റെ നായക പദവി കൗറിലേക്ക് എത്തുന്നത്. 2012ല്‍ ക്യാപ്റ്റന്‍ മിതാലി രാജിനും വൈസ് ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയും പരിക്കിന്റെ പിടിയിലകപ്പെട്ടതിനെ തുടര്‍ന്ന് 2012ല്‍ ഏഷ്യ കപ്പ് ട്വിന്റി20 ഫൈനലില്‍ കൗറായിരുന്നു ടീമിനെ നയിച്ചത്. അന്ന് പാക്കിസ്ഥാനെ 82 റണ്‍സിന് കീഴടക്കി കൗര്‍ ടീമിനെ ഏഷ്യ കപ്പ് ജേതാക്കളാക്കി.
2016 ജനുവരിയില്‍ നിലവിലെ ചാമ്പ്യന്‍മാരായാ ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്വിന്റി20യില്‍ റെക്കോര്‍ഡിട്ടായിരുന്നു ഇന്ത്യന്‍ ടീമും രണ്ടാമത് ബാറ്റ് ചെയ്ത് വിജയം നേടിയത്. 34 ബോളില്‍ കൗര്‍ അടിച്ചുകൂട്ടിയ 46 റണ്‍സായിരുന്നു അന്ന് ടീമിന് ആവേശകരമായ വിജയം നേടിത്തന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates