

ടൂറിൻ: കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കേയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ടീം റയൽ മാഡ്രിഡിന്റെ പാളയം വിട്ടത്. ഇറ്റാലിയൻ സീരി എ ചാംപ്യൻമാരായ യുവന്റസിലേക്ക് ഈ സീസണിൽ ചേക്കേറിയ റോണോ തുടക്കത്തിൽ അൽപ്പം പരുങ്ങിയെങ്കിലും ഇപ്പോൾ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സീരി എയിൽ യുവന്റസ് അപരാജിത മുന്നേറ്റം നടത്തുമ്പോൾ ഗോളടി മികവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ അമരത്തുണ്ട്.
ഇറ്റാലിയൻ സീരി എയിൽ സ്പാലിനെതിരായ മത്സരത്തിൽ യുവന്റസിന്റെ ആദ്യ ഗോൾ നേടിയ റൊണാൾഡോ ഒരു റെക്കോർഡും ഒപ്പം ചേർത്തു. യുവന്റസിനായി ഏറ്റവും വേഗത്തിൽ 10 ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റോണോ സ്വന്തം പേരിൽ ചേർത്തത്. വിവിധ പോരാട്ടങ്ങളിലായി 16 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോയുടെ റെക്കോർഡ് നേട്ടം.
സീരി എയിൽ 13 കളികളിൽനിന്ന് ഒൻപതു ഗോൾ നേടിയ റൊണാൾഡോ, ഇത്രയും മത്സരങ്ങളിൽ നിന്ന് ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മുൻ ഇറ്റാലിയൻ സ്ട്രൈക്കർ പിയെട്രോ അനസ്താസിയുടെ 50 വർഷം പഴക്കമുള്ള റെക്കോർഡിനും ഒപ്പമെത്തി. 1968–69 സീസണിൽ അനസ്താസി 13 മത്സരങ്ങളിൽ നിന്ന് ഒൻപതു ഗോൾ നേടിയിരുന്നു.
യുവന്റസിലെത്തി ആദ്യത്തെ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാനാകാതെ ഉഴറിയ ശേഷമാണ് റൊണാൾഡോയുടെ ബൂട്ടുകൾ ശബ്ദിച്ചു തുടങ്ങിയത്. ഇതിനു ശേഷം 10 മൽസരങ്ങളിൽ നിന്ന് ഒൻപതു ഗോളുകൾ നേടി റൊണാൾഡോയുടെ തിരിച്ചുവരവിനും സീരി എ സാക്ഷ്യം വഹിച്ചു. സ്പാലിനെതിരായ ഗോളോടെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ യുവന്റസിനായി ഗോൾ നേടാനും താരത്തിന് സാധിച്ചു.
സ്പാലിനെതിരെ യാനിക്കിന്റെ ക്രോസിൽ നിന്ന് 29ാം മിനുട്ടിലാണ് റൊണാൾഡോ യുവന്റസിന് ലീഡ് സമ്മാനിച്ചത്. ബോക്സിനു വെളിയിൽ നിന്ന് യാനിക് ഉയർത്തിവിട്ട ഫ്രീ കിക്കിന് ഓടിക്കയറി കാൽവച്ചാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. ക്ലബ്ബിന്റെ ക്യാപ്റ്റനായി ആദ്യ മത്സരത്തിനിറങ്ങിയ മരിയോ മാൻസൂക്കിച്ചിന് രണ്ടാം ഗോൾ നേടാൻ വഴിയൊരുക്കിയും റൊണാൾഡോയായിരുന്നു. ഇടതു വിങ്ങിൽ റൊണാൾഡോ നടത്തിയ കുതിപ്പിലൂടെ ആയിരുന്നു ആ ഗോളിന്റെ തുടക്കം. ജയത്തോടെ യുവന്റസിന് ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates