

ന്യൂഡൽഹി: ക്രൊയേഷ്യൻ മുൻ കോച്ച് ഇഗോർ സ്റ്റിമാക് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാൻ സാധ്യതയേറി. കോച്ച് നിയമനത്തിന്റെ ചുമതലയുള്ള സാങ്കേതിക സമിതി സ്റ്റിമാകിന്റെ പേര് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് സമർപ്പിച്ചു. തീരുമാനം ഫെഡറേഷൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മൂന്ന് വർഷത്തേക്കായിരിക്കും കരാർ.
ക്രൊയേഷ്യക്കായി 1990-2002 കാലത്ത് 53 കളികളിൽ സ്റ്റിമാക് ബൂട്ടണിഞ്ഞിട്ടുണ്ട്. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും സ്റ്റിമാക് അംഗമായിരുന്നു. 2005ൽ പരിശീലക രംഗത്തേക്ക് തിരിച്ച സ്റ്റിമാക് 2012-2013ൽ ക്രൊയേഷ്യൻ ദേശീയ ടീമിന്റെ കോച്ചായിരുന്നു. 2016-2017 സീസണിൽ ഖത്തറിലെ അൽഷഹാനിയ ക്ലബിനെ പരിശീലിപ്പിച്ചതാണ് അവസാന കോച്ചിങ് പരിചയം.
ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന നാലു പേരുമായും അഭിമുഖം നടത്തിയശേഷമാണ് 51 കാരനായ സ്റ്റിമാകിന്റെ പേര് സമിതി നിർദേശിച്ചത്. ബംഗളൂരു എഫ്.സി മുൻ കോച്ച് സ്പെയിൻകാരൻ ആൽബർട്ട് റോക, ദക്ഷിണ കൊറിയയുടെ ലീ മിൻ സങ്, സ്വീഡനിൽനിന്നുള്ള ഹകാൻ എറിക്സൺ എന്നിവരായിരുന്നു മറ്റു മൂന്നു പേർ. ഇവർ മൂവരും സ്കൈപ് വഴിയാണ് അഭിമുഖത്തിൽ പങ്കെടുത്തത്. സ്റ്റിമാക് മാത്രമാണ് നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുത്തത്.
ഏഷ്യൻ കപ്പിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ച ഒഴിവിലേക്കാണ് സ്റ്റിമക് വരുന്നത്. അപേക്ഷിച്ച 250 ഓളം പേരിൽ നിന്നാണ് സാങ്കേതിക സമിതി നാലുപേരെ ചുരുക്കപ്പട്ടികയിൽ പെടുത്തിയത്. സാങ്കേതിക സമിതി ചെയർമാൻ ശ്യാം ഥാപ്പ, ടെക്നിക്കൽ ഡയറക്ടർ ഡോറു ഐസക്, ഹെന്റി മെനസിസ, പ്രശാന്ത ബാനർജി, ജി.പി. പാലുൻഗ, സുന്ദർ രാമൻ, ഇഷ്ഫാഖ് അഹ്മദ് എന്നിവരാണ് അഭിമുഖ സംഘത്തിലുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates