രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് അനസ് എടത്തൊടിക. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അനസ് ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
അനസിന്റെ വാക്കുകള്‍ ഇങ്ങനെ
അങ്ങേയറ്റം ഹൃദയഭാരത്തോടെയാണ് ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഇന്നുവരെ കൈക്കൊണ്ടതില്‍ ഏറ്റവും വിഷമം പിടിച്ച തീരുമാനമായിരുന്നു ഇതെന്ന് തന്നെ പറയേണ്ടി വരും. വരും വര്‍ഷങ്ങളില്‍ കഴിവിന്റെ പരമാവധി കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ദേശീയ ടീമില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഏറ്റവും മികച്ച സമയമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇതൊരു അവസരമാകും. ദേശീയ ടീമില്‍ ഇടം നേടുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി 11 വര്‍ഷമാണ് എനിക്ക് വേണ്ടിവന്നത്. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി ഞാനിതിനെ കാണുന്നു. വളരെ ചുരുങ്ങിയ യാത്രയായിരുന്നുവെങ്കിലും കളിച്ചകാലമത്രയും നൂറ് ശതമാനം ടീമിന് വേണ്ടി കളിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഏഷ്യാകപ്പ് മത്സരത്തിനിടെ തുടക്കത്തിലേറ്റ പരിക്ക് എന്നെ വളരെ നിരാശനാക്കി. ആ മുറിവ് എല്ലാക്കാലവും വേദനിപ്പിച്ചു കൊണ്ടേയിരിക്കും. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് അവസരങ്ങള്‍ തന്ന കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റൈന് ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. തുടര്‍ന്നുള്ള ജീവിതത്തിലേക്ക് എല്ലാ നന്‍മകളും നേരുന്നു. കോച്ചിങ് സ്റ്റാഫുമാര്‍ക്കും , എന്റെ ടീമംഗങ്ങള്‍ക്കും, ആരാധകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ്. ദേശീയ ടീമിനൊപ്പമുള്ള യാത്രയില്‍ നിങ്ങള്‍ തന്ന പിന്തുണ എനിക്ക് മറക്കാനാവില്ല. രാജ്യത്തെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ധന്യനാണ്.
സഹോദരങ്ങള്‍ക്കൊത്ത് ടണലിലൂടെ ദേശീയ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തിലേക്കിറങ്ങുന്ന രംഗങ്ങള്‍ എന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ടാകും. ജിങ്കാന്‍,സെന്‍ട്രല്‍ ഡിഫന്‍സില്‍ നമ്മളൊന്നിച്ചായിരുന്നു മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത്. സഹോദരാ നിനക്കൊപ്പം കളിക്കുന്നത് സന്തോഷകരമായ വികാരം തന്നെയായിരുന്നു.
ജെജെ , ഇനി പറയുന്നത് വിശ്വസിക്കണം, ഇന്ന് വരെ എനിക്ക് കിട്ടിയ ഏറ്റവും നല്ല റൂംമേറ്റ് നീയായിരുന്നു. എനിക്ക് വല്ലാതെ മിസ് ചെയ്യും. ഭാവിയിലേക്ക് എല്ലാ ഭാവുകങ്ങളും നന്‍മകളും നേരുന്നു. രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്തിപ്പിടിക്കുക. ഈ ഓര്‍മ്മകള്‍ എന്നുമെന്റെ കൂടെയുണ്ടാവും. സ്‌നേഹം, അനസ് എടത്തൊടിക'.
2017ലാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates