ഓൾഡ് ട്രാഫോർഡിൽ റൺ വസന്തം; 25 സിക്സുകളുമായി ഇം​ഗ്ലണ്ട്; 17 എണ്ണം മോർ​ഗന്റെ ബാറ്റിൽ നിന്ന്! എണ്ണിയാൽ തീരാത്ത റെക്കോർഡുകളും

ഓൾഡ്ട്രാഫോർഡിൽ ഇം​ഗ്ലീഷ് ബാറ്റിങ് നിര ഒരുപിടി റെക്കോർഡുകളാണ് അടിച്ചെടുത്തത്
ഓൾഡ് ട്രാഫോർഡിൽ റൺ വസന്തം; 25 സിക്സുകളുമായി ഇം​ഗ്ലണ്ട്; 17 എണ്ണം മോർ​ഗന്റെ ബാറ്റിൽ നിന്ന്! എണ്ണിയാൽ തീരാത്ത റെക്കോർഡുകളും
Updated on
3 min read

മാഞ്ചസ്റ്റർ: ടോസ് നേടി ഇം​ഗ്ലീഷ് നായകൻ ഇയാൻ മോർ​ഗൻ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ സഹ താരങ്ങൾ പോലും കരുതിയിട്ടുണ്ടാവില്ല ഇത്തരമൊരു ബാറ്റിങ് പ്രകടനം മൈതാനത്ത് കാണാൻ കഴിയുമെന്ന്. അടിച്ചൊതുക്കാൻ നായകൻ തന്നെ തുനിഞ്ഞിറങ്ങിയപ്പോൾ അഫ്​ഗാനിസ്ഥാൻ ബൗളർമാർക്ക് ഒന്നു കരയാൻ പോലും കഴിയാതെ സ്തബ്ധരായി നിൽക്കേണ്ടി വന്നു. ഓൾഡ്ട്രാഫോർഡിൽ ഇം​ഗ്ലീഷ് ബാറ്റിങ് നിര ഒരുപിടി റെക്കോർഡുകളാണ് അടിച്ചെടുത്തത്.

അഫ്ഗാനിസ്ഥാന്റെ ദൗർബല്യങ്ങളെല്ലാം ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ട് തുറന്നുകാട്ടി. അതിന്റെ തെളിവ് അഫ്ഗാന്റെ സൂപ്പർ താരം റാഷിദ് ഖാൻ തന്നെയായിരുന്നു. ലോക ക്രിക്കറ്റിന് അഫ്​ഗാൻ സംഭാവന ചെയ്ത പ്രതിഭാധനനായ ആ സ്പിന്നർക്ക് വഴങ്ങേണ്ടി വന്നത് ഒൻപത് ഓവറിൽ 110  റൺസ്. ജോണി ബെയർസ്റ്റോ തുടങ്ങിവച്ച പ്രഹരം, മോർഗൻ അതിന്റെ മൂർധന്യത്തിലാക്കി. ഒപ്പം ജോ റൂട്ടും കൂടി. ഒടുവിൽ മോയിൻ അലിയും ചേർന്ന് പൂർത്തിയായപ്പോഴേക്കും അഫ്​ഗാൻ പകുതി പരാജയപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ബാറ്റിങ് സത്യത്തിൽ ഒരു ചടങ്ങ് മാത്രമായി തീരുകയും ചെയ്തു. 

അക്ഷരാർഥത്തിൽ സിക്സുകളുടെ ഉത്സവമാണ് മാഞ്ചസ്റ്ററിൽ കണ്ടത്. 50 ഓവറിനിടെ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ ചേർന്ന് അടിച്ചെടുത്തത് 25 സിക്സറുകൾ! ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് പായിച്ച ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലണ്ടിന്റെ പേരിലായി. ഈ വര്‍ഷം വെസ്റ്റിൻഡ‍ീസിനെതിരെ ഗ്രനാഡയിൽ ഇംഗ്ലണ്ട് തന്നെ അടിച്ചുകൂട്ടിയ 24 സിക്സുകളുടെ റെക്കോർഡാണ് മാഞ്ചസ്റ്ററിൽ അഫ്ഗാനെതിരെ അവർ പുതുക്കിയത്. കൂറ്റൻ സിക്സുകൾ പറത്തുന്നതിനു പേരുകേട്ട വെസ്റ്റിൻഡീസ് പോലും ഇക്കാര്യത്തില്‍ മൂന്നാമതു മാത്രമാണ്. 2019 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ 23 സിക്സുകള്‍ നേടിയതാണ് വിൻഡീസിന്റെ ഏറ്റവും മികച്ച പ്രകടനം.

ഇതോടെ ഈ ലോകകപ്പിൽ ഇംഗ്ലണ്ട് നേടിയ സിക്സറുകളുടെ എണ്ണം 53. അഞ്ച് മത്സരങ്ങളിൽ നിന്നാണിത്.  ഏതെങ്കിലും ലോകകപ്പ് ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് ഇനി ഈ ടൂർണമെന്റിന് അവകാശപ്പെട്ടതാണ്. 2007 ലോകകപ്പിൽ ഇംഗ്ലീഷ് താരങ്ങൾ ആകെ നേടിയ 22 സിക്സറുകളായിരുന്നു ഇതുവരെയുള്ള ഇംഗ്ലണ്ടിന്റെ റെക്കോർഡ്.

ലോകകപ്പിൽ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ പറത്തുന്ന ടീമായും ഇം​ഗ്ലണ്ട് മാറി. 25 സിക്സുകളാണ് ഇം​ഗ്ലണ്ട് അഫ്​ഗാനെതിരെ അടിച്ചെടുത്തത്. കഴിഞ്ഞ ലോകകപ്പിൽ വെസ്റ്റിൻഡീസ് സിംബാബ്‌വെയ്ക്കെതിരെ നേടിയ 19 സിക്സുകളുടെ റെക്കോർഡാണ് ഇവിടെ ഇം​ഗ്ലണ്ട് തിരുത്തിയത്. 2007ലെ ലോകകപ്പിൽ ഹോളണ്ടിനെതിരെ ദക്ഷിണാഫ്രിക്കയും ബെർമുഡയ്ക്കെതിരെ ഇന്ത്യയും 18 വീതം സിക്സുകൾ അടിച്ചെടുത്തിരുന്നു. 

​ഗംഭീര ശതകവുമായി ഇംഗ്ലണ്ടിനെ മുന്നിൽ നിന്നു നയിച്ചത് ക്യാപ്റ്റൻ മോർഗൻ തന്നെ. 71 പന്തിൽ 148 റൺസെടുത്താണ് മോർഗൻ മടങ്ങിയത്. ഇതിനിടെ അടിച്ചുകൂട്ടിയത് 17 പടുകൂറ്റൻ സിക്സുകൾ. ഇതും റെക്കോർഡാണ്. 16 വീതം സിക്സുകളുമായി ഇന്ത്യൻ താരം രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്, വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ൽ എന്നിവർ പങ്കിട്ടിരുന്ന റെക്കോർഡാണ് മോർഗൻ ഒറ്റയ്ക്ക് സ്വന്തമാക്കിയത്. സിക്സുകളുടെ എണ്ണത്തിൽ ഇതിനു മുൻപ് മുന്നിൽ നിന്ന ഇംഗ്ലിഷ് താരം ജോസ് ബട്‍ലറായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ ബട്‍ലർ നേടിയത് 12 സിക്സുകളുടെ റെക്കോർഡ് അഞ്ചെണ്ണം കൂടുതലടിച്ച് മോർഗൻ സ്വന്തം പേരിലാക്കി.

മാഞ്ചസ്റ്ററിലെ ബാറ്റിങ് പ്രകടനത്തിനിടെ ഇംഗ്ലിഷ് നായകൻ സ്വന്തമാക്കിയ റെക്കോർഡുകൾ വേറെയുമുണ്ട്. അഫ്ഗാനെതിരെ സെഞ്ച്വറി തികയ്ക്കാന്‍ മോർഗന് വേണ്ടി വന്നത് 57 പന്തുകൾ മാത്രം. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ ശതകമാണിത്. അഫ്ഗാനിസ്ഥാനെതിരെ മോർഗൻ നേടിയ 148 റൺസ് ലോകകപ്പിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറും. മോര്‍ഗനു മുന്നിൽ ഉള്ളത് ആൻഡ്രു സ്ട്രോസ് (158), ജേസൺ റോയ് (153) എന്നിവർ. ഏകദിനത്തിൽ മോർഗന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.

അഫ്ഗാൻ താരം റാഷിദ് ഖാൻ നാണക്കേടിന്റെ ഒരു റെക്കോർഡും നേടി. ഒൻപത് ഓവറിൽ 110 റൺസ് വഴങ്ങിയ റാഷിദ്, ലോകകപ്പിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറായി. ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമെന്ന റെക്കോർഡ് മൂന്നു റൺസിനാണ് റാഷിദിന് നഷ്ടമായത്. 2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 10 ഓവറിൽ 113 റൺസ് വഴങ്ങിയ ഓസീസ് താരം മൈക്കൽ ലൂയിസിന്റെ പേരിലാണ് നിലവിൽ റെക്കോർഡ്. 2016ൽ പാകിസ്ഥാൻ താരം വഹാബ് റിയാസ് ഇംഗ്ലണ്ടിനെതിരെ 10 ഓവറിൽ 110 റൺസ് വഴങ്ങിയിട്ടുണ്ട്.  

ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റിൽ തകർത്തടിച്ച്  മോർഗനും ജോ റൂട്ടും ചേർന്ന് 189 റൺസിന്റെ (99 പന്തിൽ) കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ ലോകകപ്പിലെ ഏതു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടെന്ന ഷാക്കിബ് അൽ ഹസൻ- ലിറ്റൻ ദാസ് സഖ്യത്തിന്റെ റെക്കോർഡിനൊപ്പമെത്തി ഇവർ. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരെ പിരിയാത്ത നാലാം വിക്കറ്റിലാണ് ഷാക്കിബ്- ദാസ് സഖ്യം 189 റൺസ് കൂട്ടിച്ചേർത്തത്.

ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് പങ്കാളിയാകുന്ന അഞ്ചാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണ് മോർഗനൊപ്പമുള്ളത്. ലോകകപ്പ് ചരിത്രത്തിൽ കൂട്ടുകെട്ടിന്റെ കാര്യത്തില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. അഞ്ച് സെഞ്ച്വറി കൂട്ടുകെട്ടുകളുള്ള ജാവേദ് മിയാൻദാദ്, ദിലകരത്‌നെ ദിൽഷൻ എന്നിവരാണ് ഇക്കാര്യത്തിൽ റൂട്ടിനൊപ്പമുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com