കടുത്ത നിലപാടുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; സർക്കാരിന്റെ ഉറപ്പില്ലാതെ ഇനി ഇന്ത്യയിൽ മത്സരങ്ങളില്ല

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാൻ ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിക്കെതിരെയാണ് ഐഒസി കടുത്ത നിലപാടുമായി രം​ഗത്തെത്തിയിരിക്കുന്നത്
കടുത്ത നിലപാടുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; സർക്കാരിന്റെ ഉറപ്പില്ലാതെ ഇനി ഇന്ത്യയിൽ മത്സരങ്ങളില്ല
Updated on
1 min read

ലോസൻ: ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി). പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാൻ ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിക്കെതിരെയാണ് ഐഒസി കടുത്ത നിലപാടുമായി രം​ഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനും സംയുക്തമായി അവസാനവട്ട അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌ന പരിഹാരം സാധ്യമായില്ലെന്ന് ഐഒസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഒളിമ്പിക്‌സിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഒത്തുപോകുമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്ന് ഐഒസി മുന്നറിയിപ്പ് നല്‍കി. എല്ലാ കായിക താരങ്ങള്‍ക്കും വിവേചനരഹിതമായി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണം. ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന ചര്‍ച്ചകളെല്ലാം നിര്‍ത്തിവച്ചതായി സ്വിറ്റ്സർലൻഡിലെ ലോസനിൽ നടന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഐഒസി പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യയ്ക്ക് ഇനി ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഒരു ടൂര്‍ണമെന്റിനും വേദിയാകാന്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട രണ്ട് പാക്കിസ്ഥാൻ ഷൂട്ടര്‍മാര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് 2020 ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരം കൂടിയായ ടൂര്‍ണമെന്റ്. കളിക്കാര്‍ക്ക് വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിനുള്ള ഒളിമ്പിക് യോഗ്യതാ പദവി ഐഒസി പിന്‍വലിച്ചു. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ വിഭാഗത്തില്‍ ജിഎം ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ രണ്ട് പാക് താരങ്ങളായിരുന്നു 2020 ഒളിമ്പിക്‌സിന്റെ യോഗ്യതാ ടൂര്‍ണമെന്റ് കൂടിയായ ലോകകപ്പില്‍ മത്സരിക്കാനിരുന്നത്. ഈ ടൂര്‍ണമെന്റ് വഴിയാണ് ഇരുവർക്കും നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത ലഭിക്കുക. ഇതിന് ബദല്‍ മാര്‍ഗം കണ്ടെത്താന്‍ അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനോട് ഐഒസി ആവശ്യപ്പെട്ടിട്ടുണ്ട്. 

യാതൊരുവിധ വിവേചനവും അരുത് എന്ന ഒളിമ്പക് പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ എല്ലാ കായിക താരങ്ങളോടും തുല്ല്യ സമീപനമാവണം വേണ്ടതെന്നാണ് ഐഒസി നിലപാട്. ഇക്കാര്യത്തില്‍ ആതിഥേയ രാജ്യത്തില്‍ നിന്ന് യാതൊരുവിധത്തിലമുള്ള വിവേചനമോ രാഷ്ട്രീയ ഇടപെടലോ പാടുള്ളതല്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. ഇത് ലംഘിക്കപ്പെട്ടതിനാലാണ് ഭാവിയില്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നത്. 

പാക്കിസ്ഥാനുമായുള്ള എല്ലാ കായിക ബന്ധങ്ങളും ഇന്ത്യ ഉപേക്ഷിക്കണമെന്നും പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണമെന്നും ആവശ്യം പല ഭാ​ഗത്ത് നിന്ന് ഉയരുകയാണ്. അതിനിടെയാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഐഒസി നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com