ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് പരമ്പര ന്യൂസിലാന്‍ഡ് തൂത്തുവാരിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് കലിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ രണ്ടാം ദിനം കിവീസ് താരം ലാതമിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഗ്യാലറിക്ക് നേരെ തിരിഞ്ഞ് കോഹ്‌ലി അസഭ്യ വാക്കുകള്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചോദ്യമുയര്‍ന്നതാണ് ഇന്ത്യന്‍ നായകനെ പ്രകോപിപ്പിച്ചത്.
ആക്രമണോത്സുകത കുറച്ച് ടീമിന് മാതൃകയാവുകയല്ലേ വേണ്ടത്
എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'നിങ്ങള്‍ എന്താണ് കരുതുന്നത്? നിങ്ങള്‍ ഉത്തരം പറയണം. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് നിങ്ങള്‍ കണ്ടെത്തണം, എന്നിട്ട് ഒരു നല്ല ചോദ്യവുമായി വരു. മാച്ച് റഫറിയുമായി ഞാന്‍ സംസാരിച്ചു. പകുതി മാത്രം മനസിലാക്കി നിങ്ങള്‍ ഇവിടെ വരാന്‍ പാടില്ല. നന്ദി. മാധ്യമപ്രവര്‍ത്തകന് മറുപടിയായി കോഹ് ലിയില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ.
കിവീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ ടോം ലാതമിന്റേയും വില്യംസണിന്റേയും വിക്കറ്റ് വീണപ്പോഴുള്ള കോഹ് ലിയുടെ വിക്കറ്റ് സെലിബ്രേഷന്‍ ചര്‍ച്ചയായിരുന്നു. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ക്രീസില്‍ വെല്ലിങ്ടണ്‍ ടെസ്റ്റ് വരെ പതിവ് ശൈലിയില്‍ ആക്രമണോത്സുകത നിറച്ചുള്ള പെരുമാറ്റമല്ല കോഹ് ലിയില്‍ നിന്ന് വന്നത്. എന്നാല്‍ പര്യടനത്തിന് അവസാനം കുറിച്ചുള്ള ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ യഥാര്‍ഥ കോഹ്‌ലിയെ ഫീല്‍ഡില്‍ കാണാനായി.
ന്യൂസിലാന്‍ഡ് കളിക്കാരോടുള്ള മൃദുസമീപനം ബാറ്റിങ്ങിലും നയകത്വത്തിലും കോഹ് ലിക്ക് ഗുണം ചെയ്യില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കിവീസ് പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച 11 ഇന്നിങ്‌സില്‍ നിന്ന് 218 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് നേടാനായത്. രണ്ട് ടെസ്റ്റിലും 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യന്‍ നായകന് സാധിച്ചില്ല.
ക്രൈസ്റ്റ്ചര്‍ച്ചിലെ ഏഴ് വിക്കറ്റ് ജയത്തോടെ കിവീസ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കെത്തി. 180 പോയിന്റാണ് അവര്‍ക്കിപ്പോഴുള്ളത്. പരമ്പര നഷ്ടപ്പെട്ടെങ്കിലും 360 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates