

മിലാൻ: ഫുട്ബോൾ മൈതാനത്തെ വംശീയാധിക്ഷേപ വാർത്തകൾക്ക് അവസാനമില്ല. ഇറ്റാലിയൻ സീരി എയിൽ നാപോളി- ഇന്റർ മിലാൻ മത്സരത്തിനിടെയാണ് അധിക്ഷേപം അരങ്ങേറിയത്. നാപോളിയുടെ സെനഗൽ പ്രതിരോധ താരമായ കലിബൗ കൗലിബലിയാണ് ഇത്തവണ ഇന്റർ മിലാൻ ആരാധകരുടെ അധിക്ഷേപത്തിന് ഇരയായത്.
ഇറ്റലിയിൽ ആഫ്രിക്കൻ വംശജരായ താരങ്ങളെ കുരങ്ങന്മാർ എന്ന് എതിർ ടീമിന്റെ ആരാധകർ അധിക്ഷേപിക്കാറുള്ളത് പതിവായി മാറുകയാണ്. കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കിയാണ് ഇന്റർ ആരാധകർ കൗലിബലിയെ അധിക്ഷേപിച്ചത്. തുടർച്ചയായി ഇന്റർ ആരാധകർ താരത്തെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെ നാപോളി താരങ്ങൾ മത്സരം നിർത്തിവയ്ക്കാൻ റഫറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഫറി ഇത് അനുവദിച്ചില്ല.
തോൽവിയിൽ നിരാശയുണ്ടെങ്കിലും മത്സരത്തിനിടെയിലെ വിഷയങ്ങളെല്ലാം വിട്ടുകളയാൻ തന്റെ ടീമംഗങ്ങളോട് കൗലിബലി അഭ്യർത്ഥിച്ചു. കറുത്തവനായതിൽ എനിക്ക് അഭിമാനമുണ്ട്. ഫ്രാൻസിൽ ജനിക്കാൻ സാധിച്ചതിലും സെനഗലിൽ ജീവിക്കാൻ സാധിക്കുന്നതിലും നാപോളിക്കായി കളിക്കാനിറങ്ങുന്നതിലും അഭിമാനമുണ്ട്. താരം ട്വിറ്ററിൽ കുറിച്ചു.
വർണ വിവേചനത്തിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് നീങ്ങുന്ന യുവേഫയും ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനും വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുറപ്പാണ്. സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാൻ ജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates