

ബെയ്ജിങ്; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. ഫെബ്രുവരി 12, 13 തീയതികളിൽ ചൈനയിലെ ഹാങ്ചൗവിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഹാങ്ചൗവ്. വൈറസ് കൂടുതൽ പേരിലേക്ക് പടർന്ന സാഹചര്യത്തിലാണ് ഏഷ്യൻ അത്‌ലറ്റിക്സ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് റദ്ദാക്കിയതായി അറിയിച്ചത്.
മാർച്ചിൽ നടക്കാനിരിക്കുന്ന ലോക ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. മാർച്ച് 13 മുതൽ 15 വരെയാണ് മത്സരങ്ങൾ. ലോകാരോഗ്യ സംഘടനയുമായും മറ്റു ഫെഡറേഷനുകളുമായും ചർച്ചയിലാണെന്നും സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെന്നും ലോക അത്‌ലറ്റിക്സ് അസോസിയേഷൻ വ്യക്തമാക്കി. ചാംപ്യൻഷിപ്പ് നടക്കുന്നതിന് ഏഴ് ആഴ്ചകൾ ബാക്കി നിൽക്കെ ചൈനയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇനിയും സമയമുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അതിനിടെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2700 പേരിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈന കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നു. ഓസ്ട്രേലിയ, യുഎസ്, നേപ്പാൾ, ദക്ഷിണ കൊറിയ, തായ്‍ലൻഡ്, വിയറ്റ്നാം, സിംഗപ്പുർ, ജപ്പാൻ, പാക്കിസ്ഥാൻ, കാനഡ എന്നിവടങ്ങളാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates