

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഡല്‍ഹി പൊലീസിനെ സഹായിക്കാന്‍ ഇന്ത്യയെ 1983ല്‍ ലോക കിരീടത്തിലേക്ക് നയിച്ച സംഘം എത്തുന്നു. ടീം വര്‍ക്കും, അച്ചടക്കവും എന്ന ആശയത്തിലൂന്നിയാണ് ഡല്‍ഹി പൊലീസിനൊപ്പം കപില്‍ ദേവും സംഘവും ചേരുന്നത്.
1983 ഹീറോസ് വിത് ദി പൊലീസ് എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലാണ് ഡല്‍ഹി പൊലീസ് പുതിയ പദ്ധതിയുമായി എത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. 1983 ലോകകപ്പില്‍ ആദ്യ മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആരും ഞങ്ങള്‍ക്ക് വലിയ സാധ്യത കല്‍പ്പിച്ചില്ല. പക്ഷേ അസാധ്യമായത് ഞങ്ങള്‍ നേടിയെടുത്തു, ലോകകപ്പ് ടീം അംഗം മദന്‍ ലാല്‍ പറഞ്ഞു.
കോവിഡിനെതിരേയും വേണ്ടത് വലിയ പോരാട്ടമാണ്. അന്ന് ലോക കിരീടം നേടാന്‍ നമ്മള്‍ പാലിച്ച അച്ചടക്കവും, ടീം വര്‍ക്കുമാണ് ഇവിടേയും വേണ്ടത്. ഈ യുദ്ധത്തില്‍ ഇന്ത്യ ജയിക്കാനായി എല്ലാവരില്‍ നിന്നും നല്ല പെര്‍ഫോമന്‍സ് വരണമെന്നും മദന്‍ ലാല്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചാണ് അന്ന് ഇന്ത്യ കിരീടം നേടിയത്. അസാധ്യമെന്ന് വിലയിരുത്തപ്പെട്ടപ്പോള്‍ ടീം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അത് നേടിയെടുത്തു. അത് തന്നെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെ മാതൃകയാക്കാനുള്ള കാരണവുമെന്ന് ഈ പദ്ധതിക്ക് പിന്നിലെ പ്രധാനിയായ സൗത്ത് ഡല്‍ഹി സിസിപി അതുല്‍ കുമാര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates