

മെൽബൺ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ലോകം നിശ്ചലാവസ്ഥയിലാണ്. ടി20 ലോകകപ്പടക്കം ഓക്ടോബർ മുതൽ ജനുവരി വരെ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നുണ്ട്. പര്യടനം മുൻ നിശ്ചയിച്ച പ്രകാരം നടന്നാൽ വിരാട് കോഹ്‌ലിയെയും സംഘത്തെയും ഐസൊലേഷനിൽ പാർപ്പിക്കാൻ ഹോട്ടൽ വരെ തയാറാക്കിയിരിക്കുകയാണ് ഓസ്ട്രേലിയക്കാർ. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം റദ്ദാക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് സംഭവിക്കുക.
ഓസീസ് ദിനപ്പത്രമായ ‘ദ ഏജ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിശ്ചിത കാലയളവിൽ ഐസൊലേഷനിൽ പാർപ്പിക്കേണ്ടിവന്നാൽ അഡ്‌ലെയ്ഡ് ഓവലിലെ പുതിയ ഹോട്ടൽ അതിനായി വിട്ടുനൽകാനാണ് തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലിക്കാനുള്ള സമ്പൂർണ സൗകര്യം ഒരുക്കിയാകും ഈ ഹോട്ടൽ ഐസൊലേഷനായി വിട്ടുനൽകുക.
ഇന്ത്യയുടെ ഓസീസ് പര്യടനം നടക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിക്കും സംഘത്തിനും ഐസലേഷനിൽ കഴിയാൻ ശതകോടികൾ മുടക്കി നിർമിച്ച പുതിയ ഹോട്ടൽ വിട്ടുകൊടുക്കാമെന്ന് സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ (എസ്എസിഎ) തലവൻ കീത്ത് ബ്രാഡ്ഷായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ കെവിൻ റോബർട്സിനെ അറിയിച്ചത്. ഇതിനു പുറമെ മറ്റു രണ്ട് ഹോട്ടലുകൾ കൂടി ഐസൊലേഷൻ സെന്ററുകളാക്കുന്നതിനുള്ള പരിഗണനയിലുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സർക്കാർ യാത്രകൾക്കുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഓസീസ് പര്യടനം മുൻ നിശ്ചയിച്ച പ്രകാരം നടന്നാൽ സന്ദർശക ടീമംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള വഴികൾ തേടുകയാണ് ഓസീസ് ക്രിക്കറ്റ് ബോർഡ്. ഇതിന്റെ ഭാഗമായാണ് ടീമിനെ ഐസലേഷനിൽ പാർപ്പിക്കാൻ സ്ഥലം തേടുന്നത്.
ഓസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിർബന്ധിത ഐസൊലേഷനിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ പരമ്പരയ്ക്കായുള്ള ഒരുക്കത്തെ അത് ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയ്ക്ക് സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കം. ഈ വർഷം സെപ്റ്റംബറിലാണ് അഡ്‌ലെയ്‍ഡ് ഓവലിൽ 138 മുറികളുള്ള ഓവൽ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
