

ചെന്നൈ: ഒന്നാം പകുതിയിൽ തന്നെ നാല് ഗോളുകൾ പിറന്ന ആവേശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ ഫലം. ചെന്നൈയിൻ എഫ്സിക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് തോൽവി വഴങ്ങി. മത്സരത്തിലെ നാല് ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളിനായി നിർത്താതെ പൊരുതിയിട്ടും ഫലമില്ലാതെ പോയി.
നാടകീയ നിമിഷങ്ങള്‍ ഏറെ കണ്ട ആവേശപ്പോരാട്ടത്തിൽ ആന്ദ്രെ ചെമ്പ്രി (നാല്), ലാലിയൻസുവാല ചാങ്തെ (30), നെരിജിസ് വാൽസ്‌കിസ് (40) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ (14) നേടി.
പന്തടക്കത്തിലും പാസിങ്ങിലും ചെന്നൈയിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ വന്ന പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഏക ഗോൾ നേടിയ ക്യാപ്റ്റൻ ഓഗ്ബെച്ചെ ആദ്യ പകുതിയുടെ ഒടുവിൽ പരുക്കേറ്റ് തിരിച്ചുകയറിയതും തിരിച്ചടിയായി.
25ാം മിനുട്ടിൽ റഫറി തെറ്റായി അനുവദിച്ച ഫ്രീ കിക്കിൽ നിന്ന് ചെന്നൈയിൻ നേടിയ ഗോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അനുവദിക്കാതിരുന്നത് മത്സരത്തെ നാടകീയമാക്കി. തർക്കിച്ചിട്ടും നിരാശപ്പെടേണ്ടി വന്ന ചെന്നൈയിൻ വർധിത വീര്യത്തോടെ പൊരുതി പത്ത് മിനുട്ടിനുള്ളിൽ രണ്ട് ഗോളുകൾ നേടി കരുത്ത് കാട്ടുകയും ചെയ്തു.
മത്സരം നാല് മിനുട്ടുകൾ പിന്നിട്ടപ്പോൾ തന്നെ ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ബ്രസീലുകാരൻ റാഫേൽ ട്രിവെലാരോയുടെ മികച്ചൊരു മുന്നേറ്റം ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക്. വലതു വിങ്ങിലൂടെ കുതിച്ചു കയറിയ ട്രിവെലാരോയ്ക്ക് സമാന്തരമായി ആന്ദ്രെ ചെമ്പ്രിയും ബോക്സിനുള്ളിൽ. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ട്രിവിലാരോയെ തടയാൻ ശ്രമിക്കുമ്പോൾ പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ചെമ്പ്രിയിലേക്ക്. താരം അനായാസം ലക്ഷ്യം കണ്ടു.
14ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി. ചെന്നൈയിൻ ബോക്സിനു തൊട്ടു മുന്നിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്ന് സമനില ഗോൾ. ബർത്തലോമിയോ ഓഗ്ബെച്ചെയെ ചെന്നൈയിൻ എഫ്സിയുടെ എലി സാബിയ വീഴ്ത്തിയതിനായിരുന്നു ഫ്രീ കിക്ക്. നേരിട്ട് കിക്കെടുക്കുന്നതിനു പകരം പന്ത് ഓഗ്ബെച്ചെയ്ക്ക് തട്ടിയിട്ടു കൊടുത്ത മാരിയോ ആർക്വേസിന്റെ തന്ത്രം ഫലിച്ചു. സമയമെടുത്ത് ഓഗ്ബെച്ചെ തൊടുത്ത തീപ്പാറും ഷോട്ട് ചെന്നൈയിൻ വലയിൽ.
30ാം മിനുട്ടിൽ ചെന്നൈയിൻ ലീഡ് തിരിച്ചു പിടിക്കുന്നു. മധ്യനിരയിൽ നിന്ന് ട്രിവിലാരോ നീട്ടി നൽകിയ പന്തുമായി വാൽസ്‌കിസിന്റെ മുന്നേറ്റം. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഓടിയെത്തും മുൻപ് പന്ത് ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ചാങ്തെയിലേക്ക്. താരം അനായാസം ലക്ഷ്യം കണ്ടു.
പത്ത് മിനുട്ടിനുളിൽ മൂന്നാം ഗോളും വലയിലാക്കി ചെന്നൈയിൻ സ്വന്തം തട്ടകത്തിൽ ശക്തമായി നിലകൊണ്ടു. മലയാളി ഗോൾ കീപ്പർ ടിപി രഹനേഷിന്റെ പിഴവാണ് ചെന്നൈയിന് ഗോൾ സമ്മാനിച്ചത്. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തു പിടിക്കാൻ ചെന്നൈയിൻ താരം ചാങ്തെയുടെ ശ്രമം. തടയാൻ ബോക്സിനു വെളിയിലേക്ക് ഓടിക്കയറിയ രഹനേഷിനു പിഴച്ചു. രഹനേഷിനെ മറികടന്ന് ചാങ്തെ ലോബ് ചെയ്ത പന്ത് നേരെ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് ഉരുണ്ടു നീങ്ങി. ഓടിയെത്തിയ വ്ലാട്കോ ദ്രൊബറോവ് പന്ത് അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും പോസ്റ്റിലിടിച്ച് അത് വീണ്ടും ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ. ഓടിയെത്തിയ ലിത്വാനിയക്കാരൻ നെരിജിസ് വാൽസ്‌കിസ് പന്ത് വലയിലേക്കിട്ടു.
എട്ട് മത്സരങ്ങളിൽ നിന്ന് രണ്ടാം ജയം കുറിച്ച ചെന്നൈയിൻ എഫ്സി ഒൻപത് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ നാലാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ ഏഴ് പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്കും പതിച്ചു. ഇനി ഈ മാസം 28ന് നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates