ഗാന്ധിജിക്ക് ഫുട്‌ബോളും സമരായുധമായിരുന്നു

1896ല്‍ അഭിഭാഷകനായി ജോലി ചെയ്യുന്ന കാലത്താണ് ഗാന്ധിയുടെ ഫുട്‌ബോളിലേക്കുള്ള വരവ്
ഗാന്ധിജിക്ക് ഫുട്‌ബോളും സമരായുധമായിരുന്നു
Updated on
2 min read


മൂഹത്തിന്റെ സമസ്ത മേഖലകളോടും ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച വ്യക്തിത്വം എന്ന് മഹാത്മാ ഗാന്ധിയെ വിശേഷിപ്പിക്കാം. ഇക്കൂട്ടത്തില്‍ കായിക മേഖലയും കടന്നുവരുന്നു. മനുഷ്യന്റെ വിമോചന യാത്രക്ക് കരുത്തേകാന്‍ കായിക മത്സരങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 

ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിനും ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഫുട്‌ബോള്‍ ക്ലബുകളെ ഉപയോഗപ്പെടുത്താന്‍ ഗാന്ധിജിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി അവിടെ മൂന്ന് ഫുട്‌ബോള്‍ ക്ലബുകള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 

1893ല്‍ തന്റെ 23ാം വയസിലാണ് ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ബ്രിട്ടീഷ് കോളനിയില്‍ യങ് ബാരിസ്റ്ററായി ജോലി ചെയ്യാനായിരുന്നു അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1896ല്‍ അഭിഭാഷകനായി ജോലി ചെയ്യുന്ന കാലത്താണ് ഗാന്ധിയുടെ ഫുട്‌ബോളിലേക്കുള്ള വരവ്. 

നിയമ പഠനത്തിനായി ഇംഗ്ലണ്ടിലെത്തിയ കാലത്താണ് ഗാന്ധി ഫുട്‌ബോളിനെ പറ്റി മനസിലാക്കുന്നത്. ഫുട്‌ബോള്‍ കളിക്കുന്നതിന് പകരം പില്‍ക്കാലത്ത് അതിന്റെ സംഘാടകനാകാനുള്ള തീരുമനത്തിലേക്ക് ഗാന്ധി എത്തുന്നത് കാല്‍പന്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ടുതന്നെയായിരുന്നു. 

ദക്ഷിണാഫ്രിക്കയിലെ കരിമ്പുതോട്ടങ്ങളില്‍ ജോലി ചെയ്യാനെത്തിയ ഇന്ത്യന്‍ വംശജര്‍ക്കായൊരു ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപവത്കരിക്കുന്നതിന് നേതൃത്വം നല്‍കിയാണ് ഗാന്ധിയുടെ ഫുട്‌ബോളുമായുള്ള ബന്ധത്തിന്റെ തുടക്കം. ഇന്ത്യന്‍ ട്രാന്‍സ്വെല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നായിരുന്നു ക്ലബിന്റെ പേര്. ആഫ്രിക്കന്‍ വന്‍കരയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഫുട്‌ബോള്‍ ടീമായിരുന്നു ഇതെന്ന് പിന്നീട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളക്കാരാല്‍ നടത്തപ്പെടാത്ത ആദ്യ ഫുട്‌ബോള്‍ സംഘമാണ് ഇന്ത്യന്‍ ട്രാന്‍സ്വെല്‍ അസോസിയേഷന്‍ എന്ന് മിഷിഗണ്‍ സര്‍വകലാശാലയില്‍ ആഫ്രിക്കന്‍ ചരിത്രത്തില്‍ ഗവേഷണം നടത്തിയ പീറ്റര്‍ അലെഗി നിരീക്ഷിക്കുന്നു. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറിയപ്പോള്‍ ഇതിന്റെ ഭാഗമായി ഫിഫ തയ്യാറാക്കിയ പ്രമോ വീഡിയോയില്‍ ഗാന്ധിയുടെ ഫുട്‌ബോളിലെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 

ട്രാന്‍സ്വെല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ലബിന്റെ രൂപീകരിച്ചതിന് ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ മൂന്നിടങ്ങളില്‍ കൂടി ഫുട്‌ബോള്‍ ക്ലബുകള്‍ തുടങ്ങി. പ്രിട്ടോറിയ, ഡര്‍ബന്‍, ജൊഹാനാസ്‌ബെര്‍ഗ് എന്നിവടങ്ങളായിരുന്നു ആസ്ഥാനം. പാസിവ് റെസിസ്‌റ്റേഴ്‌സ് സോക്കര്‍ ക്ലബ് എന്നറിയപ്പെട്ട ടീമുകള്‍ ഏതെങ്കിലുമൊരു ലീഗിന്റെയോ ടൂര്‍ണമെന്റിന്റെയോ ഭാഗമായിരുന്നില്ല. മൂന്ന് ടീമുകളും പരസ്പരം ആരോഗ്യകരമായ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് കിട്ടുന്ന വരുമാനം പാവപ്പെട്ട ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തുവന്നു.

1910ല്‍ സമരം ചെയ്തതിന്റെ പേരില്‍ നൂറോളം പേരെ അന്യായമായി ജയിലിലടച്ചതിന്റെ പ്രതിഷേധമെന്ന നിലയില്‍ ജൊഹന്നാസ്ബര്‍ഗില്‍ ാസിവ് റെസിസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആളുകളെ ഒരുമിപ്പിക്കുന്നതിനും
അഹിംസയും, തുല്യതയും പ്രചരിപ്പിക്കുന്നതിനുമുള്ള ആയുധമായി ഗാന്ധി ഫുട്‌ബോള്‍ മത്സരങ്ങളെ കണ്ടു. 

പില്‍ക്കാലത്ത് ഈ മൂന്ന് ക്ലബുകളും സാമ്പത്തിക പരാധീനകളില്‍പ്പെട്ട് പേരുകള്‍ മാറ്റി. എന്നാല്‍, ഡര്‍ബനിലെ ഫിനിക്‌സ് സെറ്റ്ല്‍മെന്റ് മൈതാനം ഇന്നും ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തുന്നു. 

വാക്കുകള്‍ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത പലതും ഫുട്‌ബോള്‍ കൊണ്ട് സാധ്യമാക്കാമെന്ന് അദ്ദേഹം അക്കാലത്ത് തന്നെ ഉള്‍ക്കൊണ്ടിരുന്നു. മൂല്യങ്ങളും മാന്യമായ ഇടപെടലുകളും കൂട്ടായ്മയുമൊക്കെ കായിക മത്സരങ്ങളുടെ ഗുണ വശങ്ങളായി ഗാന്ധി കണ്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com