

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടങ്ങളുടെ നീണ്ട പട്ടിക കൈവശമുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മറ്റൊരു നേട്ടത്തിന്റെ പടിവാതില്‍ക്കലില്‍ നില്‍ക്കുകയാണ് കോഹ്‌ലി ഇപ്പോള്‍. നിലവില്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായി കളിക്കുകയാണ് താരം.
ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ പത്ത് റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലി ഒരു ശ്രദ്ധേയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കും. അന്താരാഷ്ട്ര ടി20യില്‍ 9000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് നായകനെ കാത്തിരിക്കുന്നത്. 285 ടി20 മത്സരങ്ങളില്‍ നിന്നായി നിലവില്‍ 8990 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്.
2007ലാണ് കോഹ്‌ലി അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറുന്നത്. ഇതുവരെയായി മൂന്ന് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് കോഹ്‌ലി ടി20 കളിച്ചത്. ഇന്ത്യന്‍ ടീം, ഡല്‍ഹി ടീം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്ക് വേണ്ടിയായിരുന്നു നായകന്റെ പോരാട്ടങ്ങള്‍. ഇതില്‍ ആര്‍സിബിക്കായി 5926 റണ്‍സും ഇന്ത്യക്കായി 2794 റണ്‍സും കോഹ്‌ലി കണ്ടെത്തി.
8818 റണ്‍സുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ കോഹ്‌ലിക്ക് പിന്നാലെയുണ്ട്. 333 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. സുരേഷ് റെയ്‌നയാണ് 8000 മാര്‍ക്ക് പിന്നിട്ട മറ്റൊരു ഇന്ത്യന്‍ താരം. 8392 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം.
നിലവില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ളത് വെസ്റ്റിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 404 മത്സരങ്ങളില്‍ നിന്ന് 13296 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ലോകത്തെ വിവിധ ലീഗുകളിലടക്കമുള്ള 15ഓളം ടീമുകള്‍ക്കായി കളിക്കാനിറങ്ങിയിട്ടുള്ള താരമാണ് യൂനിവേഴ്‌സ് ബോസ്.
ടി20യില്‍ പതിനായിരം റണ്‍സ് പിന്നിട്ട മറ്റൊരു താരം വിന്‍ഡീസിന്റെ പരിമിത ഓവര്‍ നായകനായ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ്. 10370 റണ്‍സാണ് പൊള്ളാര്‍ഡിന്റെ സമ്പാദ്യം. ഷൊയ്ബ് മാലിക്ക് (9926), ബ്രണ്ടന്‍ മെക്കല്ലം (9922), ഡേവിഡ് വാര്‍ണര്‍ (9451), ആരോണ്‍ ഫിഞ്ച് (9148) എന്നിവരും കോഹ്‌ലിക്ക് മുന്‍പ് 9000 മാര്‍ക്ക് കടന്നവരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates