

ഐ.എ.എ.എഫ് അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ 400 മീറ്ററില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ ഹിമ ദാസിനെ അഭിനന്ദിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്വിറ്ററിലിട്ട പോസ്റ്റ് വിവാദത്തില്‍. 400 മീറ്ററിന്റെ സെമി പോരാട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹിമയുടെ ഇംഗ്ലീഷിലുള്ള മറുപടികള്‍ക്ക് ഒഴുക്കില്ലെന്ന് പോസ്റ്റില്‍ പറയുന്നു. എങ്കിലും അവള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ മറുപടി പറഞ്ഞെന്നും ഫൈനലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടേയെന്നും ഫെഡറേഷന്‍ ആശംസിക്കുന്നു. ഹിമ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോയടക്കമാണ് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തത്.
ഇതിനെതിരേ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഫെഡറേഷന്‍ താരത്തിന്റെ പോസിറ്റീവ് സമീപനവും ആത്മവിശ്വാസവുമായിരുന്നു ട്വീറ്റിലൂടെ ഹൈലൈറ്റ് ചെയ്യേണ്ടിയിരുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ട്രാക്കിലെ തന്റെ കഴിവ് പ്രകടിപ്പിക്കാനാണ് ഹിമ മത്സരിക്കാനിറങ്ങിയതെന്നും അല്ലാതെ ഇംഗ്ലീഷ് സംസാരിക്കാനല്ലെന്നും അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ പോസ്റ്റ് നാണക്കേടുണ്ടാക്കുന്നതാണെന്നും ഒരു ആരാധകന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെക്കുറിച്ച് ആരും ചിന്തിക്കില്ല. തന്റെ പരിമിതിക്കുള്ളില്‍ നിന്ന് കാവ്യാത്മകമായി തന്നെ അവര്‍ സംസാരിക്കുന്നുണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. മികച്ച ഇന്റര്‍വ്യൂ ആണിതെന്നും ജനങ്ങള്‍ നിര്‍ബന്ധമായും കാണണമെന്നും മറ്റൊരു ആരാധകന്‍.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ട്രാക്കിനത്തിലെ ലോക പോരാട്ടത്തില്‍ രാജ്യത്തിനായി സ്വര്‍ണം നേടുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പേരാണ് ഹിമയെ അഭിനന്ദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates