സ്പീൽബർഗ്: മോട്ടോ ജിപി ഓസ്ട്രിയൻ ഗ്രാൻപ്രീയ്ക്കിടെ സംഭവിച്ച വൻ അപകടം ലോകത്തെ ഞെട്ടിച്ചു. അപകടത്തിൽ നിന്ന് സൂപ്പർ താരം വാലെന്റിനോ റോസ്സി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൻ ദുരന്തമായി തീരുമായിരുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ തലയിൽ കൈവച്ച് പോകുകയാണ് ആരാധകർ. സൂപ്പർ താരം ജീവനോടെ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. അപകടത്തിൽ ആർക്കും സാരമായ പരുക്കില്ല.
ഓസ്ട്രിയയിലെ സ്പീൽബർഗിൽ നടന്ന മത്സരത്തിനിടെ അപകട പരമ്പര തന്നെയാണ് അരങ്ങേറിയത്. അപകടത്തിനു പിന്നാലെ മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോൾ റോസ്സി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
സ്പീൽബർഗിൽ നടന്ന മത്സരത്തിനിടെ ട്രാക്കിൽ വച്ച് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകട പരമ്പരയുടെ തുടക്കം. എട്ടാം ലാപ്പിലെ നാലാം വളവിൽ വച്ച് യമഹയുടെ ഫ്രാങ്കോ മോർബിഡെല്ലി, ഡുക്കാത്തിയുടെ യൊഹാൻ സാർക്കോ എന്നിവരുടെ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അപകടം നടന്നത് വളവിലായതിനാൽ ഇടിയുടെ ആഘാതത്തിൽ പലതവണ കീഴ്മേൽ മറിഞ്ഞ ബൈക്കുകൾ തെന്നിനീങ്ങി വീണ്ടും ട്രാക്കിലെത്തുകയായിരുന്നു.
ബൈക്കുകളിലൊന്ന് 300 കിലോമീറ്റർ വേഗത്തിൽ ട്രാക്കിലേക്ക് നിരങ്ങിയെത്തിയെങ്കിലും അതിവേഗത്തിൽ കുതിക്കുകയായിരുന്നു റോസ്സി ഇഞ്ചുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച രണ്ടാമത്തെ ബൈക്കും ട്രാക്കിലേക്ക് നിരങ്ങിയെത്തിയെങ്കിലും റോസ്സി, സഹതാരം മാവറിക് വിനാൽസ് എന്നിവരുടെ ബൈക്കുകളിലിടിക്കാതെ കഷ്ടിച്ച് മാറിപ്പോയി.
അപകടത്തിന്റെ ഞെട്ടലിൽ സ്തബ്ധനായിരിക്കുന്ന നാൽപ്പത്തൊന്നുകാരനായ റോസ്സിയുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘മോർബിഡെല്ലിയുടെ ബൈക്ക് തട്ടി ഞാൻ മരിക്കേണ്ടതായിരുന്നു. സാർക്കോയുടെ വാഹനവും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് മാറിപ്പോയത്. വളരെ അപകടം നിറഞ്ഞ നിമിഷമായിരുന്നു അത്. അപകടം എന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. ഞെട്ടൽ വിട്ടുമാറാത്തതിനാൽ വീണ്ടും ട്രാക്കിലിറങ്ങുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിസ്കാണെടുത്തത്. ആദ്യം ഒരു നിഴൽ പോലെയെന്തോ കണ്ടത് ഓർമയുണ്ട്. മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നതിന്റെ നിഴലാണെന്നാണ് കരുതിയത്. മത്സരത്തിനിടെ ഹെലികോപ്റ്റർ മുകളിലൂടെ പറക്കുമ്പോൾ ട്രാക്കിൽ നിഴൽ വീഴുന്നത് പതിവാണ്. പക്ഷേ, അത് രണ്ട് ബുള്ളറ്റുകളായിരുന്നു’– അപകടത്തിന്റെ ഞെട്ടൽ വിടാതെ റോസ്സി പ്രതികരിച്ചു.
അപകടത്തിനു പിന്നാലെ യൊഹാൻ സാർക്കോയെ കുറ്റപ്പെടുത്തി മോർബിഡെല്ലി രംഗത്തെത്തി. സാർക്കോയെ ‘കൊലപാതകി’ എന്നാണ് മോർബിഡെല്ലി വിശേഷിപ്പിച്ചത്. സ്വന്തം ജീവനോടും ഒപ്പം മത്സരിക്കുന്നവരുടെ ജീവനോടും യാതൊരു വിലയുമില്ലാത്ത രീതിയിലാണ് സാർക്കോയുടെ ട്രാക്കിലെ പ്രകടനമെന്ന് മോർബിഡെല്ലി കുറ്റപ്പെടുത്തി. കുറച്ചുകൂടി പക്വമായി മത്സരിക്കാൻ ഈ അപകടം സാർക്കോയെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മോർബിഡെല്ലി പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates