'ജനക്കൂട്ടത്തെ സാക്ഷിയാക്കി ആരവങ്ങള്‍ക്ക് നടുവിലൂടെ തല ഉയര്‍ത്തി അവന്‍ നടന്നുവന്നു, അതും ക്യാപ്റ്റന്റെ കൈ പിടിച്ച്'; ഹൃദ്യം (വീഡിയോ)
ദിവസങ്ങള്‍ക്ക് മുന്‍പ് ഉയരക്കുറവിന്റെ പേരില്‍ മറ്റുളളവരുടെ പരിഹാസത്തില്‍ മനംനൊന്ത് വിങ്ങിപ്പൊട്ടുന്ന ഒന്‍പത് വയസുകാരന്റെ ദൃശ്യങ്ങള്‍ ലോകത്തിന്റെ മനസില്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി മായാതെ കിടക്കുന്നുണ്ട്. ഇന്ന് ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്ബി ടീം ക്യാപ്റ്റന്റെ കൈപിടിച്ച് ആരവങ്ങള്‍ക്ക് ഇടയിലൂടെ അവന്‍ നടന്നുവരുമ്പോള്‍ ലോകം അത് കണ്ട് സന്തോഷിക്കുകയാണ്. ബോഡി ഷെയ്മിങ്ങില്‍ ഹൃദയം പൊട്ടി കരയുന്ന ക്വാഡന് ആശ്വാസ വചനങ്ങളുമായി വന്ന ലോകം അവന്റെ ആത്മവിശ്വാസത്തോടെയുളള കടന്നുവരവിനെ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
റഗ്ബി ടീം ക്യാപ്റ്റന്‍ ജോയല്‍ തോംസണിന്റെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് വരുന്ന ക്വാഡന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ക്വാഡന്റെ സങ്കടം അറിഞ്ഞ് ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു റഗ്ബി മല്‍സരത്തിലേക്ക് ക്വാഡനെ അധികൃതര്‍ ക്ഷണിച്ചിരുന്നു. ദേശീയ റഗ്ബി താരങ്ങളെല്ലാം ഇന്നലെ തന്നെ ഈ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിഡിയോയും പങ്കുവച്ചിരുന്നു. ഇന്ന് നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീം സ്‌റ്റേഡിയത്തിലേക്ക് എത്തിയപ്പോഴാണ് ഗ്യാലറി ഒന്നടങ്കം കയ്യടിച്ചത്. ടീം ക്യാപ്റ്റന്‍ ജോയല്‍ തോംസണിന്റെ കൈപിടിച്ച് സന്തോഷത്തോടെ നടന്നുവന്നത് ക്വാഡനായിരുന്നു. മയോറി ആള്‍ സ്റ്റാര്‍സുമായി നടന്ന മല്‍സരത്തിനിടെയാണ് മനസിന് സന്തോഷം പകരുന്ന നിമിഷങ്ങള്‍.
യരാക ബയ്‌ലസ് എന്ന സ്ത്രീയാണ് തന്റെ മകന്‍ ക്വാഡന് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങിനെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്.
സ്‌കൂളില്‍ വച്ച് സഹ പാഠികളടക്കമുള്ള വിദ്യാര്‍ത്ഥികളും മറ്റും ക്വാഡനെ ഉയരക്കുറവ് പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ആ കുട്ടിയില്‍ വലിയ മാനസിക സംഘര്‍ഷം തീര്‍ക്കുന്നതായുളള അമ്മയുടെ വേദന കലര്‍ന്ന വാക്കുകള്‍ ലോകം ഏറ്റെടുക്കുകയായിരുന്നു. കുട്ടിയില്‍ ആത്മഹത്യാ പ്രവണതയാണ് ഇതുകൊണ്ടു സംഭവിക്കുന്നതെന്നും അവര്‍ ഭയത്തോടെ പറഞ്ഞുവെയ്ക്കുന്നു. സ്‌കൂള്‍ യൂണിഫോമില്‍ കാറിലിരുന്ന് പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോക്കൊപ്പമാണ് തന്റെ അഭിപ്രായങ്ങളും അമ്മ പങ്കുവച്ചത്.
'എനിക്കൊരു കയര്‍ തരു, ഞാന്‍ സ്വയം ഇല്ലാതാകാം. എന്റെ ഹൃദയത്തെ കുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു... '-കരച്ചില്‍ അടക്കാന്‍ കഴിയാതെ ക്വാഡന്‍ ഇടക്കിടെ പറഞ്ഞത് ലോകത്തെയും കരയിച്ചു. ഇതിന് പിന്നാലെയാണ് അമ്മയുടെ മറുപടി അടങ്ങുന്ന വീഡിയോ. മകന്റെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ സഹിക്കാന്‍ കഴിയാതെ ആ അമ്മയും ഇടയ്ക്ക് ധൈര്യം ചോര്‍ന്ന് വിതുമ്പുന്നത് വീഡിയോയില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


