ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിയെ ആക്രമിച്ച കളിക്കാരന് ആജീവനാന്ത വിലക്ക്. ഡൽഹി അണ്ടർ 23 ക്രിക്കറ്റ് ടീം അംഗം അനൂജ് ദേധയ്ക്കാണ് ഡിഡിസിഎ വിലക്കേർപ്പെടുത്തിയത്. അനൂജിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ അറിയിച്ചു.
തന്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്നാണ് അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘം ഡിഡിസിഎ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ അമിത് ഭണ്ഡാരിയെ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സെന്റ് സ്റ്റീഫൻസ് കോളജ് മൈതാനത്ത് ട്രയൽസിനു മേൽനോട്ടം വഹിക്കുന്പോഴാണ് ഭണ്ഡാരിയെ ഇവർ അക്രമിച്ചത്.
ഹോക്കി സ്റ്റിക് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും ചെവിക്കും പരിക്കേറ്റ ഭണ്ഡാരി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് നേതൃത്വം നൽകിയ അനൂജിനെയും ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ക്രിക്കറ്റിലൂടെ ഇന്ത്യൻ ടീമിലെത്തിയ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ടീമിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് സേവാഗ് പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി. കുറ്റക്കാരനായ താരത്തിന് ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ഗംഭീറും ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates