ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനി വിരമിച്ചതിന്റെ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ‘തല’യുടെ പിന്നാലെ ‘ചിന്ന തല’ സുരേഷ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചതും ആരാധകരിൽ കൗതുകവും അമ്പരപ്പും തീർത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വിരമിക്കലും അതിന് പിന്നാലെ നടന്നിരിക്കുന്നു.
മറ്റാരുമല്ല ധോനിയുടെ കട്ട ആരാധകനും പാകിസ്ഥാൻ സ്വദേശിയുയായ മുഹമ്മദ് ബാഷിർ (ചാച്ചാ ഷിക്കാഗോ) ആണ് വിരമിക്കുകയാണെന്ന് പറഞ്ഞ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ധോനി വിരമിച്ച സ്ഥിതിക്ക് ഇനി താനെന്തിനു നോക്കി നിൽക്കണമെന്നാണ് അമേരിക്കയിൽ താമസിക്കുന്ന ചാച്ചാ ചോദിക്കുന്നത്. ധോണി ആരാധകരിലെ ഏറ്റവും തലമൂത്തയാളായ ചാച്ചാ ഇനി ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ കാണാൻ താൻ ഉണ്ടാവില്ലെന്നു പ്രഖ്യാപിച്ച് ഗാലറി വിടാൻ തീരുമാനിച്ചു.
2011 ലോകകപ്പിൽ മൊഹാലിയിൽ നടന്ന ഇന്ത്യ – പാക് മത്സരം കാണാൻ ടിക്കറ്റെടുത്തു നൽകിയതോടെയാണു ധോനി – ചാച്ചാ ബന്ധം തുടങ്ങുന്നത്. ഇന്ത്യ – പാക് മത്സര വേദികളിൽ പാകിസ്ഥാൻ പതാക വീശുന്ന ചൗധരി അബ്ദുൽ ജലീൽ (ചാച്ചാ ക്രിക്കറ്റ്) എന്ന പ്രശസ്ത ആരാധകനിൽ നിന്നാണു ബാഷിറിനു പേരു ലഭിച്ചത്. കറാച്ചിയിൽ ജനിച്ച്, യുഎസിലെ ഷിക്കാഗോയിൽ റസ്റ്റോറന്റ് നടത്തുന്ന ബാഷിർ ധോനി ആരാധകനായതോടെയാണ് ‘ചാച്ചാ ഷിക്കാഗോ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
2011നുശേഷം ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരം നടന്നപ്പോഴെല്ലാം ചാച്ചാ ഷിക്കാഗോയ്ക്കു ധോനിയുടെ വക ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യ – പാക് മത്സരം കാണാൻ ചാച്ചായ്ക്കു ടിക്കറ്റ് കൊടുത്തതും ധോനി തന്നെ. ഇഷ്ട താരത്തെ റാഞ്ചിയിൽപ്പോയി കാണണമെന്ന് ആഗ്രഹം മാത്രമേ ചാച്ചായ്ക്ക് ഇനിയുള്ളു.
2018 ഏഷ്യാ കപ്പിനിടെ ധോനി ഹോട്ടൽ മുറിയിലേക്കു വിളിപ്പിച്ചു ജഴ്സി ഊരിത്തന്നത് ഇന്നും ചാച്ചായുടെ ഓർമകളിലുണ്ട്. 2015 ലോകകപ്പിനിടെ സിഡ്നിയിൽ താൻ പൊരിവെയിലത്തിരുന്നു കളി കാണുമ്പോൾ ഒരാൾ സൺ ഗ്ലാസുമായി വന്നത് അദ്ദേഹം ഓർത്തു. സുരേഷ് റെയ്നയായിരുന്നു അത്. ധോനി ഭായ് തന്നുവിട്ടതാണെന്നാണു റെയ്ന പറഞ്ഞതെന്നും അദ്ദേഹം വികാരഭരിതനായി ഓർമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates