ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകനും കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്ത മഹേന്ദ്ര സിങ് ധോനിക്ക് സുദീര്‍ഘവും വികാരഭരിതവുമായ കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ധോനി വിരാമം കുറിച്ചത്. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നതായി പ്രധാമന്ത്രി കത്തില്‍ വ്യക്തമാക്കി.
'എളിമ മുഖമുദ്രയാക്കിയ നിങ്ങളുടെ സമീപനം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നു. ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളേയും കായിക ലോകത്തിന് നല്‍കിയ സംഭാവനകളേയും അഭിനന്ദിക്കുന്നു. താങ്കള്‍ വിരമിക്കുന്നുവെന്നത് രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനായി നിങ്ങള്‍ നല്‍കിയ സംഭവനകള്‍ക്ക് നന്ദിയുണ്ട്. സാക്ഷിക്കും മകള്‍ സിവയ്ക്കും ഇനി കൂടുതല്‍ സമയം നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിക്കുകയാണ്'- മോദി കത്തില്‍ വ്യക്തമാക്കി.
'ചെറിയ ടൗണില്‍ നിന്ന് ക്രിക്കറ്റ് ലോകത്തെത്തി തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ച താങ്കള്‍ ഇന്ത്യയിലെ വളര്‍ന്നു വരുന്ന യുവാക്കള്‍ക്കെല്ലാം പ്രചോദനമാണ്. പേരിനൊപ്പം കുടുംബത്തിന്റെ മഹിമയോ മറ്റോ അവകാശപ്പെടാനില്ലാതെ കഴിവും കഠിനാധ്വാനവും കൊണ്ട് താങ്കള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചു'- മോദി കുറിച്ചു.
ഈ കത്തിന് ധോനി തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ചു. 'കലാകാരന്‍മാരും സൈനികരും കായിക താരങ്ങളും അവരുടെ കഠിനാധ്വാനം എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടണമെന്നും എല്ലാവരുടേയും അഭിനന്ദനം ലഭിക്കണമെന്നും ആഗ്രഹിക്കാറുണ്ട്. അങ്ങയുടെ അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു'- ധോനി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യക്ക് 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് ധോനി. ധോനിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ 2009ല്‍ ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീമായും വളര്‍ന്നിരുന്നു. മൂന്ന് ഫോര്‍മാറ്റിലുമായി 17,000 റണ്‍സും വിക്കറ്റ് കീപ്പറെന്ന നിലയില്‍ 800 പുറത്താക്കലുകളും 16 സെഞ്ച്വറികളും സ്വന്തം പേരിലാക്കിയാണ് ധോനി കളമൊഴിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates