മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനി മൈതാനത്ത് വളരെ ശാന്തനായാണ് ഇടപെടാറ് എന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. ക്യാപ്റ്റൻ കൂൾ എന്ന പേരും ധോനി സമ്പാദിച്ചിട്ടുണ്ട്. ക്യാപ്റ്റന്റെ കൂൾ സ്വഭാവം ചിലപ്പോഴൊക്കെ കൈവിട്ട് പോയിട്ടുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് സ്പിന്നർ കുൽദീപ് യാദവ് വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയിതാ ധോനി ദേഷ്യപ്പെടാറില്ലെന്ന പൊതുധാരണ തെറ്റാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിനു കീഴിൽ കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ഇർഫാൻ പഠാനും രംഗത്തെത്തി.
സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധോനിയുടെ ചൂടൻ സ്വഭാവത്തെക്കുറിച്ച് ഇരുവരും വിവരിച്ചത്. ലോകകപ്പിന്റെ സമയത്ത് ഉൾപ്പെടെ ധോനി കുപിതനാകുന്നത് കണ്ടിട്ടുണ്ടെന്ന് ഗംഭീർ വിശദീകരിച്ചു. ഒരിക്കൽ പരിശീലന മത്സരത്തിനിടെ പുറത്തായപ്പോൾ ധോനി ബാറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്കു മടങ്ങിയതിനെക്കുറിച്ചാണ് പഠാൻ പറഞ്ഞത്.
‘ധോനി ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ആളുകൾ പറയാറുണ്ട്. പക്ഷേ, അദ്ദേഹം ദേഷ്യപ്പെടുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട്. 2007ലെ ലോകകപ്പ് സമയത്തും മറ്റ് ലോകകപ്പുകളുടെ സമയത്തും പിഴവുകളൊക്കെ സംഭവിക്കുമ്പോൾ ധോനി ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. ധോനിയും മനുഷ്യനാണെന്ന് നമ്മൾ ഓർക്കണം. സ്വാഭാവികമായും അദ്ദേഹം അത്തരത്തിൽ പ്രതികരിക്കും. ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമ്പോൾ ഫീൽഡിങ്ങിനിടെ താരങ്ങൾ പിഴവു വരുത്തുമ്പോഴോ ക്യാച്ച് നിലത്തിടുമ്പോഴോ എല്ലാം ധോനി കുപിതനാകുന്നത് കാണാം’ – ഗംഭീർ പറഞ്ഞു.
മറ്റു ക്യാപ്റ്റൻമാരുമായി തട്ടിച്ചു നോക്കുമ്പോൾ ധോനി വളരെ ശാന്തനാണ്. ഞാനുമായി താരതമ്യം ചെയ്താൽ പ്രത്യേകിച്ചു. ഞാൻ ശാന്തനായ വ്യക്തിയല്ലെന്നും ഗംഭീർ പറയുന്നു.
ധോനിക്കും ദേഷ്യം വരാറുണ്ടെന്ന് ഇർഫാൻ പഠാൻ പറഞ്ഞു. 2006– 07ൽ നടന്ന സംഭവമാണ് ഇർഫാൻ പഠാൻ ഓർത്തത്.
’പരിശീലനത്തിന്റെ ഭാഗമായി ടീമിനെ രണ്ടായി തിരിച്ച് ഒരു മത്സരം നടത്തി. വലം കൈയൻമാർ ഇടം കൈയൻമാർക്കൊപ്പവും ഇടം കൈയൻമാർ വലം കൈയൻമാർക്കൊപ്പവും ബാറ്റു ചെയ്ത് പരിശീലിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. കളിക്കിടെ ഔട്ടായപ്പോൾ ധോണി കുപിതനായി. താൻ ഔട്ടല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദേഷ്യം സഹിക്കാനാകാതെ അദ്ദേഹം ബാറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇപ്പോഴും ഓർമയുണ്ട്. പിന്നീട് ഒരുപാട് താമസിച്ചാണ് പരിശീലനത്തിന് വന്നത്’ – പഠാൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates