മുംബൈ: മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. അപരിഷ്‌കൃതരാണ് നമ്മള്‍. നമ്മള്‍ പാഠം പഠിക്കുന്നില്ലേയെന്നും രോഹിത് ട്വിറ്ററില്‍ കുറിച്ചു.
കേരളത്തില്‍ ആനയ്ക്ക് സംഭവിച്ചത് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഒരു മൃഗവും ക്രൂരത ഏറ്റുവാങ്ങേണ്ടവരല്ല...ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും സംഭവത്തില്‍ ഞെട്ടല്‍ ലേഖപ്പെടുത്തി എത്തിയിരുന്നു. ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും, മൃഗങ്ങളോട് സ്‌നേഹത്തോടെ ഇടപഴകൂ എന്നുമാണ് കോഹ് ലി പറഞ്ഞത്.
മെയ് 27നാണ് 15 വയസ് പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. വായ തകര്‍ന്ന നിലയില്‍ മെയ് 25നാണ് ആനയെ കണ്ടെത്തിയത്. എന്നാല്‍ അതിനും ഒരാഴ്ച മുന്‍പ് ആനയ്ക്ക് പരിക്കേറ്റതായി ഫോറസ്റ്റ് സര്‍ജന്‍ പറയുന്നു. കണ്ടെത്തുമ്പോള്‍ വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. പ്രാണികളും മറ്റും വന്നിരിക്കാതിരിക്കാനാണ് ആന വെള്ളത്തില്‍ ഇറങ്ങി നിന്നത്.
പന്നിയെ തുരത്താനായി അമ്പലപ്പാറ വന മേഖലയില്‍ കര്‍ഷകര്‍ കൃഷി ഇടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. അതല്ല, നാട്ടുകാര്‍ ആരെങ്കിലും മനപൂര്‍വം സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു മാസം ഗര്‍ഭിണിയായിരുന്നു ആന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates