റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറിന്റെ മാതാവ് നദീനെ ഗോൺസാൽവസിന് പുതിയ പങ്കാളി. മകനായ നെയ്മറിനേക്കാൾ ആറ് വയസിന് ഇളയ യുവാവുമായി നദീനെ ഡേറ്റിങിലാണെന്നാണ് റിപ്പോർട്ടുകൾ. 52കാരിയായ നദീനെ ഗോൺസാൽവസ് 22 വയസ് മാത്രം പ്രായമുള്ള യുവാവുമായാണ് ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി അവർ ഇൻസ്റ്റഗ്രാമിൽ ചിത്രം സഹിതം പോസ്റ്റുമിട്ടു. കംപ്യൂട്ടർ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെയ്റോയുമായി 2016 മുതൽ പിരിഞ്ഞുതാമസിക്കുകയാണ് നദീനെ.
‘ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വാഗ്നർ റിബെയ്റോയുമായി കാൽനൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ൽ നദീനെ ഗോൺസാൽവസ് വേർപ്പെടുത്തിയത്.
പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോൺസാൽവസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടിൽ കമന്റായി ആശംസകളറിയിച്ച് നെയ്മർ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷമായിരിക്കാനും നിറഞ്ഞ സ്നേഹമെന്നുമാണ് നെയ്മർ കുറിച്ചത്. മുൻ ഭർത്താവ് വാഗ്നർ റിബെയ്റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്.
നദീനെ ഗോൺസാൽവസുമായി പരിചയത്തിലാകുന്നതിനു മുൻപുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ പെർനാംബുകോ സംസ്ഥാനമാണ് തിയാഗോ റാമോസിന്റെ സ്വദേശം.
നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ൽ തിയാഗോ റാമോസ് ഒരു മെസേജും അയച്ചിട്ടുണ്ട്; ‘നെയ്മർ, നിങ്ങൾ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്ബോൾ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നൽകുന്ന സന്തോഷം വിവരിക്കാൻ വാക്കുകളില്ല. താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്. ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേർന്നിരുന്ന് നമുക്ക് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. നമ്മൾ ഒരിക്കൽ കണ്ടുമുട്ടുമെന്ന് എനിക്കു തീർച്ചയുണ്ട്. കാരണം, ലക്ഷ്യങ്ങൾക്കു പിന്നാലെ പോകുന്ന ഒരു സ്വപ്ന ജീവിയാണ് ഞാൻ. എല്ലാ ആശംസകളും’ – ഇതായിരുന്നു റാമോസിന്റെ സന്ദേശം. അടുത്തിടെ നെയ്മറിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ റാമോസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates