

മുൻ ഇന്ത്യൻ നായകൻ എം എസ് ധോനിയുടെ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് റിഷഭ് പന്ത് ഇന്ത്യൻ ടീമിലേത്തിയത്. ബാറ്റിങ്ങിൽ സ്ഥിരത കണ്ടെത്താൻ കഴിയാതെവന്നതും വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പഴവുകളും പന്തിന് തിരിച്ചടിയായിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനും എതിരായ പരമ്പരകളിൽ കെ എൽ രാഹുൽ പന്തിന് പകരക്കാരാനായി ടീമിൽ എത്തുകയും ചെയ്തു. പക്ഷെ പന്ത് ഒരു 'സ്‌പെഷ്യൽ ടാലന്റ്' ആണെന്നും ടീം മാനേജ്‌മെന്റിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും പറയുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോർ.
ധോനിയുടെ പകരക്കാരനെ കണ്ടെത്തുക പ്രയാസമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം നിലവിൽ ധോനിയുടെ പിൻഗാമിയായി മാനേജ്‌മെന്റിന്റെ പിന്തുണ റിഷഭ് പന്തിനാണെന്നും അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ വർഷം അത്ര മികച്ച പ്രകടനമല്ല പന്ത് കാഴ്ചവച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധയമായ പ്രകടനം പുറത്തെടുക്കാൻ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പക്ഷേ റിഷഭിനെ ഒരു സവിശേഷ താരമായാണ് ടീം മാനേജ്‌മെന്റ് കണക്കാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് നിരവധി സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്", റാത്തോർ പറഞ്ഞു.
ധോനിയുടെ പകരക്കാരനാകുന്നതിന്റെ സമ്മർദ്ദം റിഷഭിനെ ബാധിച്ചിട്ടുണ്ടെങ്കിലും ഭാവിയിൽ ശക്തനായ താരമായി തിരിച്ചെത്താൻ അത് ഗുണം ചെയ്യുമെന്ന് റാത്തൂർ അഭിപ്രായപ്പെട്ടു. ധോനിയുടെ മടങ്ങിവരവ് സംബന്ധിച്ച് ഒന്നും പറയാനാവില്ലെന്നാണ് റാത്തൂറിന്റെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates