

ഓക്‌ലൻഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ താരം മനീഷ് പാണ്ഡെയുടെ ‘വ്യാജ ഫീൽഡിങ്’ (Fake Fielding) ദൃശ്യങ്ങൾ പുറത്ത്. കയ്യിൽ പന്തില്ലാതിരിക്കെ പന്തെറിയുന്നതുപോലെ മനീഷ് പാണ്ഡെ അഭിനയിക്കുകയായിരുന്നു. ന്യൂസീലൻഡ് ഇന്നിങ്സിലെ 20–ാം ഓവറിലാണ് സംഭവം.
ഐസിസി നിയമമനുസരിച്ച് വ്യാജ ഫീൽഡിങ് നിയമവിരുദ്ധമാണ്. ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷയെന്ന നിലയിൽ എതിർ ടീമിന് അഞ്ചു റൺസ് അനുവദിക്കണമെന്നാണ് ചട്ടം. എന്നാൽ പാണ്ഡെയുടെ നീക്കം അംപയർമാരുടെ ശ്രദ്ധയിൽപ്പെട്ടാതിരുന്നതിനാൽ ഇന്ത്യയ്ക്ക് അഞ്ച് റൺസ് നഷ്ടമായില്ല. .
ജസ്പ്രീത് ബുമ്ര എറിഞ്ഞ 20-ാം ഓവറിൽ റോസ് ടെയ്‍ലറും മിച്ചൽ സാന്റ്നറുമായിരുന്നു ക്രീസിൽ. ബുമ്രയെറിഞ്ഞ ഒരു പന്ത് റോസ് ടെയ്‍ലർ പുൾ ചെയ്തു. മനീഷ് പാണ്ഡെ ഡീപ് മിഡ് വിക്കറ്റിൽനിന്ന് ഓടിയെത്തിയെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ബാറ്റ്സ്മാൻമാർ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാൻ പന്തെറിയുന്നതുപോലെ അഭിനയിക്കുകയായിരുന്നു പാണ്ഡെ. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ ഈ വിഡിയോ പ്രചരിക്കുന്നത്. ഇത് ഐസിസിയുടെ ഫീൽഡിങ് നിയമത്തിന് വിരുദ്ധമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ആറ് വിക്കറ്റിനാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ മൽസരം ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ശ്രേയസ് 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 58 റണ്‍സെടുത്തു. വിജയത്തിലേക്ക് കടക്കുമ്പോള്‍ ശ്രേയസിനൊപ്പം മനീഷ് പാണ്ഡെ 14 റണ്‍സുമായി ഒപ്പമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates