പുരസ്കാരമില്ലെങ്കിൽ ചടങ്ങിനുമില്ല; ഫിഫ പുരസ്കാരം മോഡ്രിച് ഉറപ്പിച്ചപ്പോൾ മെസിയും ക്രിസ്റ്റ്യാനോയും മുങ്ങി

ലോക ഫുട്ബോൾ അടക്കി വാഴുന്ന ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അല്ലാത്ത മറ്റൊരു താരം ഫിഫയുടെ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം
പുരസ്കാരമില്ലെങ്കിൽ ചടങ്ങിനുമില്ല; ഫിഫ പുരസ്കാരം മോഡ്രിച് ഉറപ്പിച്ചപ്പോൾ മെസിയും ക്രിസ്റ്റ്യാനോയും മുങ്ങി
Updated on
1 min read

ലണ്ടന്‍: നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷമാണ് അതിപ്പോൾ സംഭവിച്ചിരിക്കുന്നത്. ലോക ഫുട്ബോൾ അടക്കി വാഴുന്ന ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അല്ലാത്ത മറ്റൊരു താരം ഫിഫയുടെ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. ക്രൊയേഷ്യയെ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ വരെ എത്തിക്കുകയും റയൽ മാഡ്രിഡിനെ ഹാട്രിക്ക് ചാംപ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത മിഡ്ഫീൽഡ് മജീഷ്യൻ ലൂക്ക മോഡ്രിചിനോളം അർഹത മറ്റൊരു താരത്തിനുമില്ലെന്ന് പുരസ്കാരം പ്രഖ്യാപിക്കും മുൻപ് തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു. റൊണാള്‍ഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്നിലാക്കിയാണ് മോഡ്രിചിന്റെ ചരിത്രനേട്ടം. 

2007ന് ശേഷം ഫിഫയുടെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം മെസിയോ ക്രിസ്റ്റ്യാനോയോ അല്ലാതെ മറ്റൊരാള്‍ നേടുന്നത് ഇത് ആദ്യമാണ്. 29.05 ശതമാനം വോട്ട് നേടിയാണ് മോഡ്രിച് ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയത്. ക്രിസ്റ്റ്യാനോയ്ക്ക് 19 ശതമാനം വോട്ടും മൂന്നാമതെത്തിയ മുഹമ്മദ് സലയ്ക്ക് 11.2 ശതമാനവും ഫ്രാന്‍സിന്റെ കെയ്ലിയൻ എംബാപ്പെയ്ക്ക് 10 ശതമാനവുമാണ് വോട്ടുകൾ ലഭിച്ചത്. 

പുരസ്കാര സമർപ്പണ ചടങ്ങിൽ ശ്രദ്ധേയമായത് സൂപ്പർ താരങ്ങളായ മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും അസാന്നിധ്യമായിരുന്നു. തങ്ങളെ കൂടാതെ മറ്റൊരാള്‍ പുരസ്‌കാരം വാങ്ങുന്നത് കാണാന്‍ എത്താതിരുന്ന മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും നടപടിക്കെതിരേ ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൻ വിവാദം കത്തിപ്പടരുകയാണ്. ഇരുവരുടേയും നടപടിക്കെതിരേ മുൻ താരങ്ങളടക്കമുള്ളവർ രം​ഗത്തെത്തി. ചടങ്ങില്‍ പങ്കെടുക്കാതെ മെസിയും ക്രിസ്റ്റ്യാനോയും വിട്ടുനിന്നെങ്കിലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇരുവരും പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകളറിയിച്ചിരുന്നു. അതേസമയം താരങ്ങളുടെ ഈ നടപടി സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നാണ് ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അവതാരകർ സൂപ്പര്‍ താരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ച് എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഇരുവരുടേയും നടപടിയെ കടുത്ത ഭാഷയിലാണ് മുൻ താരങ്ങളും പരിശീലകരടക്കമുള്ളവരും വിമർശിച്ചത്.  കളിക്കാരോടും ഫിഫയോടും ഫുട്‌ബോള്‍ ലോകത്തോടും ബഹുമാനമില്ലാത്തിനാലാണ് ഇരുവരും ഇത്തരത്തില്‍ പെരുമാറിയതെന്ന് മുൻ ഇറ്റാലിയന്‍ താരവും പരിശീലകനുമായ ഫാബിയോ കാപ്പെല്ലോ തുറന്നടിച്ചു. ഇരു താരങ്ങളും നിരവധി തവണ പുരസ്കാരം സ്വന്തമാക്കിയതാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അത് നഷ്ടമാകുന്നത് കാണാന്‍ തീരെ താത്പര്യം ഉണ്ടാകില്ല. ജയത്തിലും തോൽവിയിലും ഇരുവരും മികച്ച മാതൃക കാണിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കാപ്പല്ലോ വ്യക്തമാക്കി.

മെസിയും ക്രിസ്റ്റ്യാനോയും മികച്ച മാതൃക കാണിക്കേണ്ടതായിരുന്നുവെന്ന് മുൻ ഉറു​​ഗ്വെ താരം ഡീഗോ ഫോര്‍ലാനും അഭിപ്രായപ്പെട്ടു. ലജ്ജ തോന്നുന്ന നടപടിയാണ് ഇരുവരുടെയും ഭാഗത്തു നിന്ന് ഉണ്ടായതെന്നും ആര് ജയിച്ചാലും തോറ്റാലും ഇരു താരങ്ങളും എത്തേണ്ടിയിരുന്നെന്നും ഫോര്‍ലാന്‍ വിമർശിച്ചു.

അവസാന നിമിഷമാണ് മെസി ചടങ്ങിനെത്തില്ലെന്ന് വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാൽ ലണ്ടനില്‍ എത്താനാകില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. യുവന്റസിന്റെ മത്സരങ്ങള്‍ കാരണമാണ് എത്താന്‍ സാധിക്കാത്തതെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വിശദീകരണം. ഇരുവരും ഫിഫയുടെ പ്രൊ ഇലവനിൽ അം​ഗങ്ങളായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com