പുരുഷ ടീം അംഗങ്ങളെ പോലെ വനിതാ ടീം നശിക്കരുത്; എഴുത്തുകാരിക്ക് ചുട്ടമറുപടിയുമായി സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ലോക കപ്പ് ഫൈനലിലെത്തിതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രശംസകളും, ആശംസകളും സമ്മാനങ്ങളും കൊണ്ട് മൂടുകയാണ് എല്ലാവരും. ഇന്ത്യന്‍ പുരുഷ ടീമിന് ലഭിക്കുന്ന പരിഗണന വനിതാ ടീമിന് ലഭിക്കണമെന്ന ആവശ്യമാണ് എല്ലാ കോണില്‍ നിന്നും ഉയരുന്നത്. അതിനിടയില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ കുറ്റപ്പെടുത്തിയുള്ള എഴുത്തുകാരി ശോഭാ ദേയുടെ ട്വീറ്റിന് ചുട്ട മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിലെ ഭൂരിഭാഗം ടീം അംഗങ്ങളേയും നശിപ്പിച്ച അതിമോഹത്തില്‍ നിന്നും വാണിജ്യവത്കരണത്തില്‍ നിന്നും വനിതാ ടീം അംഗങ്ങളെ രക്ഷിക്കണേ ദൈവമേ, എന്നായിരുന്നു ശോഭാ ദേയുടെ ട്വീറ്റ്.
എന്നാല്‍, ഇതുവരെ പുരുഷ ക്രിക്കറ്റിന്റെ നിഴലില്‍ മറഞ്ഞു കിടന്നിരുന്ന വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളിലേക്ക് ഇപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ എത്തുന്നതും, അവരുടെ കഠിനാധ്വാനം എല്ലാവര്‍ക്കും മനസിലാകുന്നതും. ഇതുവരെ കിട്ടാതിരുന്ന സ്‌പോണ്‍സര്‍ഷിപ്പുകളും, ഓഫറുകളുമാണ് മിതാലി രാജിന്റെ സംഘത്തെ തേടിയെത്തുന്നത്. വൈകിയെങ്കിലും, ഇപ്പോള്‍ അവരിലേക്ക് എത്തിയ ഈ അവസരങ്ങളെ വനിതാ താരങ്ങള്‍ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത്?
അതിമോഹവും അത്യാഗ്രഹവും ഇന്ത്യന്‍ പുരുഷ ടീമിനെ നശിപ്പിച്ചുവെന്നാണ് ശോഭാ ദേയുടെ മറ്റൊരു ആരോപണം. ഇതിന് ഉത്തരം ഐസിസി റാങ്കിങ്ങുകള്‍ നല്‍കും. ടെസ്റ്റില്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. ഏകദിന റാങ്കിങ്ങില്‍ മൂന്നും, ട്വിന്റി20ല്‍ അഞ്ചാം സ്ഥാനത്തുമുണ്ട് ഇന്ത്യ.
വലിയ തുകയ്ക്ക് പരസ്യങ്ങളില്‍ ഈ ക്രിക്കറ്റ് താരങ്ങളുടെ മുഖം വരുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ അവരെ സ്‌നേഹിക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണ്. പണവും, പ്രശസ്തിയും അവര്‍ക്കൊപ്പം ഉണ്ടെന്നതിന് അര്‍ഥം അവര്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നല്ല.
ഇന്ന് വനിതാ ക്രിക്കറ്റ് താരങ്ങള്‍ പരസ്യങ്ങളുടെ ഭാഗമാകുന്നുണ്ട് എങ്കില്‍ അവരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണത്. അല്ലാതെ അവരും നശിക്കും എന്നല്ല അര്‍ഥം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

