മുംബൈ : ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയെ നിയമിച്ചു. സ്ഥാനമൊഴിയുന്ന എംഎസ്‌കെ പ്രസാദിന് പകരമാണ് സുനില്‍ജോഷിയുടെ നിയമനം. സുനില്‍ ജോഷിക്കു പുറമെ മുന്‍ താരം ഹര്‍വീന്ദര്‍ സിങ്ങിനെയും അഞ്ചംഗ സിലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സ്ഥാനമൊഴിഞ്ഞ ഗഗന്‍ ഖോഡയ്ക്ക് പകരമാണ് ഹര്‍വീന്ദറിനെ നിയമിച്ചത്. മധ്യമേഖല പ്രതിനിധിയാണ് ഹര്‍വീന്ദര്‍. കര്‍ണാടകയില്‍നിന്നുള്ള മുന്‍ ഇന്ത്യന്‍ താരമാണ് സുനില്‍ ജോഷി.
മുന്‍ ഇന്ത്യന്‍ താരങ്ങളായ മദന്‍ ലാല്‍, ആര്‍.പി. സിങ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനെയും അംഗത്തെയും തിരഞ്ഞെടുത്തത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച അഞ്ചു പേര്‍ക്കായി ഇവര്‍ മുംബൈയില്‍ അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയാകും സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ ദൗത്യം.
ദേവാങ് ഗാന്ധി (കിഴക്കന്‍ മേഖല), ശരണ്‍ദീപ് സിങ് ( വടക്കന്‍ മേഖല), ജതിന്‍ പരാഞ്ജ്‌പെ (പശ്ചിമ മേഖല) എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇവരുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍ എന്നിവരെ പിന്തള്ളിയാണ് സുനില്‍ ജോഷിയും ഹര്‍വീന്ദര്‍ സിങ്ങും സിലക്ഷന്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. ഒരു ഘട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിന്റെ പേരും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിന് ആയില്ല. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചില്ല.
1992 മുതല്‍ 2011 വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന താരമാണ് 49കാരനായ സുനില്‍ ജോഷി. 1996ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. 2001ല്‍ പുണെയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങിയത്. അഞ്ചു വര്‍ഷത്തോളം നീണ്ടു നിന്ന രാജ്യാന്തര കരിയറില്‍ 15 ടെസ്റ്റുകളും 69 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 20.70 ശരാശരിയില്‍ 352 റണ്‍സും ഏകദിനത്തില്‍ 17.17 റണ്‍സ് ശരാശരിയില്‍ 584 റണ്‍സും നേടി. ഏകദിനത്തിലും ടെസ്റ്റിലും ഓരോ അര്‍ധസെഞ്ചുറി നേടി. ടെസ്റ്റില്‍ 92, ഏകദിനത്തില്‍ പുറത്താകാതെ 61 എന്നിങ്ങനെയാണ് ഉയര്‍ന്ന സ്‌കോറുകള്‍.
ടെസ്റ്റില്‍ 15 ടെസ്റ്റിലെ 26 ഇന്നിങ്‌സുകളില്‍നിന്നായി 41 വിക്കറ്റ് വീഴ്ത്തി. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 142 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്‌സിലെ മികച്ച പ്രകടനം. 169 റണ്‍സിന് എട്ടു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ടെസ്റ്റിലെ മികച്ച പ്രകടനം. ഏകദിനത്തില്‍ 69 മത്സരങ്ങളില്‍നിന്ന് 69 വിക്കറ്റ് വീഴ്ത്തി. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. ആറു റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതതാണ് മികച്ച ബോളിങ് പ്രകടനം. അപേക്ഷിച്ചവരില്‍ ഏറ്റവും മികച്ചവരെ തന്നെയാണ് തെരഞ്ഞെടുത്തതെന്നും, തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ ബിസിസിഐയോ ഒരു തരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ഉപദേശക സമിതി അംഗം മദന്‍ലാല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates