ബാറ്റ്സ്മാൻമാരുടെ ചങ്കിടിപ്പിക്കുന്ന താരം ; ഇത്തരം പിച്ചിൽ ബുമ്രയെ നേരിടാൻ എനിക്കും ഭയമെന്ന് വിരാട് കോഹ് ലി

കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസമാണ് മെൽബണിലെ വിജയം നൽകുന്നത്
ബാറ്റ്സ്മാൻമാരുടെ ചങ്കിടിപ്പിക്കുന്ന താരം ; ഇത്തരം പിച്ചിൽ ബുമ്രയെ നേരിടാൻ എനിക്കും ഭയമെന്ന് വിരാട് കോഹ് ലി
Updated on
1 min read

മെൽബൺ : ബോക്സിം​ഗ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ പേസ് ബൗളർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി നായകൻ വിരാട് കോഹ് ലി. മെൽബണഇലെ വിജയത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ബൗളർമാരോടാണ്. പ്രത്യേകിച്ചും ബുമ്രയോട്. ഏതു പിച്ചിലും നേട്ടം കൊയ്യാനുള്ള ബുമ്രയുടെ പരിശ്രമവും അതിനു ലഭിക്കുന്ന ഫലവുമാണ് , ലോകത്തെ മറ്റു ബൗളർമാരിൽനിന്ന് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതെന്ന് കോഹ് ലി പറഞ്ഞു. 

പിച്ചുകണ്ട് നിരാശപ്പെടുന്ന വ്യക്തിയല്ല ബുമ്ര. എങ്ങനെ വിക്കറ്റ് വീഴ്ത്താനാകും എന്നതുമാത്രമാകും ബുമ്രയിടെ ചിന്ത. ഇതാണ് മറ്റുള്ളവരിൽ നിന്നും ബുമ്രയെ വേറിട്ടുനിർത്തുന്നത്. ഈ ചിന്താഗതി തന്നെയാണ് ഏകദിന ടീമിൽ നിന്നും ഒരു വർഷത്തിനിടെ, മികച്ച ടെസ്റ്റ് താരമാക്കി ബുമ്രയെ വളർത്തിയത്. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും അതിനായുള്ള കഠിനാധ്വാനവുമാണ് ടെസ്റ്റ് ബൗളറെന്ന നിലയിൽ ബുമ്രയുടെ വളർച്ചയ്ക്കു പിന്നിലെന്നും കോഹ്‍ലി പറഞ്ഞു. 

കളത്തിൽ ബുമ്ര പ്രകടിപ്പിക്കുന്ന ഊർജവും കായികക്ഷമതയും ശ്രദ്ധേയമാണ്. ഏകദിനത്തിലെ മികവ് അതേപടി ടെസ്റ്റിലേക്കും കൊണ്ടുവരാൻ ബുമ്രയ്ക്കു സാധിച്ചു. ഏകദിന ടീമിൽ സ്ഥിരാംഗമായതിനു പിന്നാലെ ടെസ്റ്റ് ടീമിലും ഇടം പിടിക്കാൻ ബുമ്ര നടത്തിയ അധ്വാനം ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സർപ്രൈസ് എന്ന നിലയിൽ ബുമ്രയെ ഉൾപ്പെടുത്തുന്നത്.

ടെസ്റ്റിൽ ബാറ്റ്സ്മാൻമാരുടെ ചങ്കിടിപ്പിക്കുന്ന താരമാണ് ബുമ്ര. പിച്ചിന്റെ സാധ്യതകൾ ബാറ്റ്സ്മാനേക്കാൾ മനസ്സിലാക്കുന്ന കളിക്കാരനാണ്. അനുകൂലമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നതിലും അധികം നാശം വിതയ്ക്കാൻ ബുമ്രയ്ക്ക് കഴിയും. ഇതു പോലുള്ള പിച്ചിൽ ബുമ്രയെ നേരിടാൻ എനിക്കുപോലും ഭയമാണെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. 

ഈ വിജയം കൊണ്ടൊന്നും നിർത്താൻ ഞങ്ങൾ  ഉദ്ദേശിക്കുന്നില്ല. കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസമാണ് മെൽബണിലെ വിജയം നൽകുന്നത്. ബാറ്റിങ്ങിലും ബൗളിം​ഗിലും ഫീൽഡിം​ഗിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിനാലാണ് ബോർഡർ–ഗാവസ്കർ ട്രോഫി നിലനിർത്താൻ സാധിച്ചത്. ഈ പിച്ചിൽ അവസാനദിനങ്ങളിൽ ബാറ്റിം​ഗ് ദുഷ്കരമാണ്. അതിനാലാണ് ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ഇന്ത്യ ബാറ്റിം​ഗിനിറങ്ങിയത്. കൂടുതൽ റൺസെടുത്ത് അടിത്തറ ഭദ്രമാക്കുകയായിരുന്നു ലക്ഷ്യമിട്ടത്.

മെൽബൺ ടെസ്റ്റിൽ അരങ്ങേറിയ മായങ്ക് അ​ഗർവാളിന്റെ പ്രകടനം മികച്ചതായിരുന്നു. പൂജാര പതിവുപോലെ മികവുതുടർന്നു. രോഹിതിന്റെ ഒന്നാം ഇന്നിങ്സിലെ അർധസെഞ്ചുറിയും ടീമിന് മുതൽക്കൂട്ടായി. അധികം റൺസെടുത്തില്ലെങ്കിലും ഒന്നാം ഇന്നിങ്സിൽ വിഹാരി കൂടുതൽ നേരം ക്രീസിൽനിന്നതും ടീമിന്റെ ആത്മവിശ്വാസം കൂട്ടിയെന്നും വിരാട് കോഹ് ലി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com