ബാഴ്‌സയെ തിരികെ കയറ്റാന്‍ സ്വന്തം നാട്ടുകാരനെ തേടി മെസി; ബിയെല്‍സയെ കോച്ചാക്കണമെന്ന് ആവശ്യം

ലീഡ്‌സ് യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നാം ഡിവിഷനിലേക്ക് കയറിയത് ബിയെല്‍സയുടെ കീഴിലാണ്
ബാഴ്‌സയെ തിരികെ കയറ്റാന്‍ സ്വന്തം നാട്ടുകാരനെ തേടി മെസി; ബിയെല്‍സയെ കോച്ചാക്കണമെന്ന് ആവശ്യം
Updated on: 
1 min read

ബാഴ്‌സലോണ: പരിശീലക സ്ഥാനത്തേക്ക് സ്വന്തം നാട്ടുകാരനായ മാഴ്‌സെലോ ബിയെല്‍സയെ മെസി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ലാ ലീഗയില്‍ ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സെറ്റിയാന് പകരം പുതിയ പരിശീലകന്റെ പേര് മെസി ബാഴ്‌സ മാനേജ്‌മെന്റിന് മുന്‍പാകെ വെച്ചിരിക്കുന്നത് എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലീഡ്‌സ് യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നാം ഡിവിഷനിലേക്ക് കയറിയത് ബിയെല്‍സയുടെ കീഴിലാണ്. ബിയെല്‍സയുടെ ലീഡ്‌സുമായുള്ള കരാര്‍ അടുത്ത ആഴ്ച അവസാനിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ബാഴ്‌സയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ബിയെല്‍സയെ ബാഴ്‌സ മാനേജ്‌മെന്റ് ഇതുവരെ സമീപിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ താന്‍ ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് സെറ്റിയാന്‍ തന്നെ അടുത്തിടെ പറഞ്ഞിരുന്നു. സെറ്റിയാനുമായുള്ള അതൃപ്തി മെസി പലവട്ടം പരസ്യമാക്കിയിട്ടുണ്ട്. 

ബിയെല്‍സ ലാ ലീഗ ടീമുകളായ എസ്പ്യാനോളിനേയും അത്‌ലറ്റിക്കോ ബില്‍ബാവോയേയും പരിശീലിപ്പിച്ചിട്ടുണ്ട്. ബാഴ്‌സയിലേക്ക് ബിയെല്‍സ എത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ലാ ലീഗ മടങ്ങി എത്തിയപ്പോള്‍ സമനിലകള്‍ വഴങ്ങി ലീഡ് നഷ്ടപ്പെടുത്തിയ ബാഴ്‌സക്ക് ഒടുവില്‍ കിരീടവും വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER